ഉത്സവങ്ങളുടെ നാട്ടില്‍ [മധുര മീനാക്ഷി ക്ഷേത്രം, അളകര്‍കോവില്‍ ] ;;;;;;

പവിത്രമായ വൈഗ നദിയുടെ തീരത്ത്‌ ശില്‍പ്പചാതുര്യത്തിന്‍റെയും, തമിഴ് കലകളുടെയും, സംസ്കാരത്തിന്‍റെയും ഉത്തമോദാഹരണങ്ങളായ ക്ഷേത്രമണ്ഡപങ്ങളുടെ മഹാനഗരം മധുര. ഈ നഗരത്തിന്‍റെ മുഖമുദ്രയായി തലഉയര്‍ത്തി രാജകീയമായി നിലകൊള്ളുന്ന ശ്രീ മീനാക്ഷി ക്ഷേത്രം. ;;മീനാക്ഷി ക്ഷേത്രം.

ഒരു വ്യാപാരി കദംബവനത്തില്‍ കൂടിയുള്ള യാത്രയില്‍ അസ്തമയമായപ്പോള്‍ ആ കാട്ടില്‍ വിശ്രമിക്കുകയും, രാത്രി ഒരു മരത്തിന്‍ ചുവട്ടില്‍ എന്തോ തിളങ്ങുന്നത് കണ്ട് ചെന്ന് നോക്കിയപ്പോള്‍ പ്രഭാവലയത്തില്‍ കുളിച്ചുനില്‍ക്കുന്ന ഒരു വിഗ്രഹം കാണുകയും, ഈ കാര്യം അന്നത്തെ രാജാവായ കുലശേഘരപാണ്ഡ്യ രാജാവിനെ അറിയിക്കുകയും, രാജാവ് സ്ഥലത്തു വന്ന് വിഗ്രഹാരാധന നടത്തുകയും അവിടെ ക്ഷേത്രംപണിയുകയും, ക്ഷേത്രത്തിനു ചുറ്റുമായി മധുരാനഗരം പണികഴിപ്പിച്ചു എന്നുമാണ് ഐഹിത്യം. എഴാം നൂറ്റാണ്ടില്‍ ഒരു ശിവക്ഷേത്രമേ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചടയവര്‍മ്മന്‍ സുന്ദരപാണ്ഡ്യന്‍റെ ഭരണകാലത്താണ് മീനാക്ഷി ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. 


 സ്വര്‍ണ്ണതാമരക്കുളം.

13, ഉം 16, നും, ഇടക്കുള്ള നൂറ്റാണ്ടുകളിലാണ് ഒന്‍പതു നിലകളുള്ള ഗോപുരങ്ങള്‍ പണികഴിപ്പിച്ചത്. പിന്നീട് വന്ന പരിഷ്കാരങ്ങളാണ്, ആയിരംകാല്‍ മണ്ഡപം, അഷ്ട്ടശക്തി മണ്ഡപം, നായ്ക്കര്‍മഹല്‍, തെപ്പകുളം എന്നിവ. ക്ഷേത്രത്തെ ചുറ്റിയുള്ള പ്രധാനപ്പെട്ട തെരുവിന്‍റെ നാലു വശങ്ങളിലായി ഒന്‍പതുനിലകള്‍ വീതമുള്ള നാല് ഗോപുരങ്ങള്‍ ഉണ്ട്. ആകാശത്തെ ഉമ്മവച്ച്നില്‍കുന്ന ഈ ഗോപുരങ്ങള്‍ നിറയെ ശില്‍പ്പ വേലകളാല്‍ സമ്പുഷ്ടമാണ്. തെക്കുള്ള ഗോപുരമാണ് വലുത്. ഇതിനു 160 - അടി ഉയരമുണ്ട്. ശ്രീ മീനാക്ഷി ക്ഷേത്രം ഒരുതവണയെങ്കിലും കണ്ടില്ലെങ്കില്‍ അതൊരു തീരാ നഷ്ടമായിരിക്കും. മീനാക്ഷി ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.  ആദ്യം കണ്ട ഗോപുരത്തില്‍ കൂടി അകത്തുകടന്ന് എവിടെയൊക്കെയോ തൊഴുത്‌ അവസാനമാണ് മീനാക്ഷിയെ പ്രണമിച്ചത്. ക്ഷേത്രകൊത്തുപണികളും, നോക്കെത്താത്ത ഇരുണ്ട ഇടനാഴികളും കണ്ട് അന്തംവിട്ടുള്ള നടപ്പായിരുന്നു ക്ഷേത്രത്തിനുള്ളില്‍ കൂടി. 


 സ്വര്‍ണ്ണതാമരക്കുളത്തിലെ സ്വര്‍ണ്ണതാമര.

ക്ഷേത്രത്തിനു പുറത്തിറങ്ങി ഗോപുരവശത്തുള്ള ചെരുപ്പ് സൂക്ഷിക്കുന്ന കൌണ്ടറില്‍ ചെന്നപ്പോളാണ് കേറിയ ഗോപുരത്തില്‍ കൂടിയല്ല പുറത്തിറങ്ങിയതെന്നു മനസ്സിലായത്‌. ചെരുപ്പുകൊടുത്തുവാങ്ങിയ രസീത് നോക്കിയപ്പോള്‍ വടക്കുവശത്തുകൂടിയാണ് അകത്തുകയറിയത്‌, ഇറങ്ങിയതാകട്ടെ തെക്കുവശത്തു കൂടിയും. തെരുവില്‍ കൂടി വടക്കുവശത്തെ ഗോപുരത്തിനരികെയുള്ള ചെരിപ്പുസൂക്ഷിപ്പ് സ്ഥലത്ത്ചെന്ന് ചെരുപ്പെടുത്ത് അവിടെ നില്‍ക്കുന്ന സ്ത്രീയോട് ക്ഷേത്രത്തെകുറിച്ച് അറിയാവുന്ന ആരെങ്കിലും ഗൈഡായി കിട്ടുമോ എന്നുതിരക്കി, അവര്‍ ആരയോ ഫോണില്‍ വിളിച്ചിട്ട് കുറച്ചുനേരം നില്‍ക്കുവാന്‍ പറഞ്ഞു. ഒരു ചായകുടിച്ചു വന്നപ്പോള്‍ ഒരു മദ്ധ്യവയസ്കനായ ഒരാളെ കാണിച്ച് ഇവര്‍ നിങ്ങളുടെ കൂടെ വരുമെന്ന് ആ സ്ത്രീ പറഞ്ഞു. ആളെകണ്ടപ്പോള്‍ പണികിട്ടിയ മട്ടായി കട്ടി തമിഴ് ആണെങ്കില്‍ ഒന്നും മനസ്സിലാവില്ല. ഭാഗ്യത്തിന് അദ്ദേഹത്തിന്  [അയാളുടെ പേര് വേലുച്ചാമി എന്നാണ്] തമിഴും,ഇംഗ്ലീഷും, കുറച്ചു മലയാളവും അറിയാമെന്നു പറഞ്ഞു. 


കുളത്തിനു ചുറ്റുമുള്ള ഇടനാഴികയില്‍ ഒന്ന്. 

തുക പറഞ്ഞുറപ്പിച്ച് അയാളെ കൂടെ കൂട്ടി. ക്ഷേത്രത്തില്‍ പ്രാധ്യാനം ദേവിക്കാണ്, ആയതിനാല്‍ ക്ഷേത്രത്തില്‍ എത്തുന്നവര്‍ കിഴക്കുവശത്തെ അഷ്ടശക്തി മണ്ഡപത്തില്‍ കൂടികയറി ആദ്യം ദേവിയേയും, പിന്നീട് സുന്ദരേശ്യരസ്വാമിയെയും വണങ്ങുന്നു. വേലുച്ചാമി പറഞ്ഞറിഞ്ഞ കാര്യങ്ങളാണ് വിവരണത്തിന്‍റെ ആദ്യംതന്നെ എഴുതിയത്. ഗൈഡിന്‍റെ കൂടെ  കിഴക്കെ മണ്ഡപത്തില്‍ കൂടി അകത്തുകടന്നു.  ശില്പ്പകലയുടെ മുഴുവന്‍ സൌന്ദ്യര്യവും ഉള്‍കൊണ്ടുകൊണ്ട് മണ്ഡപകവാടത്തില്‍ മീനാക്ഷികല്യാണം കൊത്തിവച്ചിരിക്കുന്നു. ശക്ത്തിയുടെ എട്ടുരൂപങ്ങള്‍ മണ്ഡപത്തിന് ഇരുവശവുമുള്ള എട്ടു സ്തൂപങ്ങളിലായി മനോഹരമായി കൊത്തിയിരിക്കുന്നു. ഇതിനാലാണ് ഈ മണ്ഡപത്തിന് അഷ്ടശക്തി മണ്ഡപം എന്ന് പറയപ്പെടുന്നത്. 


ആയിരംകാല്‍ മണ്ഡപം.

ചുമരുകളില്‍ നിറയെ പുരാണകഥാപാത്രങ്ങള്‍ കൊത്തിയിരിക്കുന്നു. ഈ മണ്ഡപം കടന്നാല്‍ മീനാക്ഷിനായ്ക്കന്‍  മണ്ഡപമാണ്. ഈ  മണ്ഡപത്തിന്‍റെ തൂണുകളിലും വ്യാളിയും, മറ്റുരൂപങ്ങളും കൊത്തിയിരിക്കുന്നു. ഇതു കഴിഞ്ഞാല്‍ മനോഹര ഗോപുരമായ മുത്തലി പിള്ളൈ  മണ്ഡപം. ഈ  മണ്ഡപം കടന്ന് ചെന്നാല്‍ നയനമനോഹരമായ സ്വര്‍ണ്ണതാമരക്കുളത്തിലെക്കാണ്. ഇന്ദ്രന്‍ തന്‍റെ പാപങ്ങള്‍ കളയാന്‍ ഈ കുളത്തില്‍ കുളിച്ച് ശിവപൂജ ചെയ്തു എന്നാണ് ഐഹിത്ത്യം. ഈ കുളത്തിനു ചുറ്റും ഇടനാഴികകളാണ്. വിശാലവും ശില്‍പ്പകലകളാല്‍ സംമ്പുഷ്ടമാണ് ചുറ്റുമുള്ള ഈ ഇടനാഴികകള്‍. 


ആയിരംകാല്‍ മണ്ഡപത്തിലെ നടരാജ വിഗ്രഹം.

കിഴക്കെ ഇടനാഴികയില്‍ നിന്നാല്‍ ശ്രീകോവിലിന്‍റെ മുകളുള്ള സ്വര്‍ണ്ണകുംഭഗോപുരം കാണാം. ഈ മണ്ഡപത്തിന്‍റെ പടിഞ്ഞാറായി വെണ്ണക്കല്ല് വിരിച്ച മണ്ഡപമാണ് ഊഞ്ഞാല്‍ മണ്ഡപം. ഇവിടെ മീനാക്ഷിയുടെയും, സുന്ദരേശ്യന്‍റെയും സ്വര്‍ണ്ണവിഗ്രഹങ്ങള്‍ എല്ലാ വെള്ളിയാഴ്ചകളിലും കൊണ്ടുവന്ന് പൂജിക്കാറുണ്ട്. ഊഞ്ഞാല്‍ മണ്ഡപത്തിനടുത്തായിട്ടാണ് കിളികൂടുമണ്ഡപം. മനോഹരമായ പെയിന്റിംങ്ങുകളാണ് കിളികൂടുമണ്ഡപംനിറയെ. ഈ മണ്ഡപംകഴിഞ്ഞിഞ്ഞാല്‍ മീനാക്ഷിക്ഷേത്രമായി. മൂന്നു നിലകലുള്ള ഗോപുരമാണ് ക്ഷേത്രത്തിനുള്ളത്.  സ്വര്‍ണ്ണകൊടിമരം, ദ്യാരപാലകര്‍, വിനായകക്ഷേത്രം എന്നിവ കൂടിയുള്ള ക്ഷേത്രം മനോഹരമാണ്. 


മീനാക്ഷി കല്യാണം. ആയിരംകാല്‍ മണ്ഡപത്തിലെ പെയിന്റിംഗ്.

ശ്രീകോവിലില്‍ പടിഞ്ഞാറുവശത്താണ്. കൈലൊരു പൂച്ചെണ്ടും അതില്‍ ഒരു തത്തയും വഹിച്ചുനില്‍ക്കുന്ന ദേവി മീനാക്ഷിയെ കണ്‍നിറയെ കണ്ട് തൊഴുതു. കിളികൂടു മണ്ഡപത്തിന്‍റെ വടക്കായി എട്ടടി ഉയരമുള്ള മുക്കുരുണി വിനായക വിഗ്രഹം നമ്മെ അതിശയിപ്പിക്കും. ഇവിടെതന്നെ ഒരു നടരാജ ക്ഷേത്രവും പ്രസിദ്ധമായ തമ്പതടി മണ്ഡപവും ഉണ്ട്. ശില്‍പ്പചാതുര്യം വിളിച്ചോതുന്ന മനോഹരകലാരൂപങ്ങളുടെ കലവറയാണ് തമ്പതടിമണ്ഡപം.  മണ്ഡപത്തിനു മുന്നില്‍ സ്വര്‍ണ്ണകൊടിമരവും നന്ദികേശനും ഉണ്ട്. കലാശില്‍പ്പങ്ങളില്‍ എടുത്തു പറയാനുള്ളത് മീനാക്ഷികല്യാണമാണ്. ദ്രാവിഡകലയുടെ അതിമനോഹരമായൊരു സൃഷ്ടിയാണിത്‌. ഇതുകഴിഞ്ഞാല്‍ സുന്ദരേശ്യര ക്ഷേത്രമാണ്. 


ആയിരംകാല്‍ മണ്ഡപത്തിലെ ശില്‍പ്പം.

 ക്ഷേത്രകവാടത്തില്‍ പന്ത്രണ്ടടി ഉയരമുള്ള രണ്ട്‌ ദ്യാരപാലകരുടെ പ്രതിമകളുണ്ട്. എതിനടുത്തായിട്ടാണ് വെള്ളിയസലം എന്ന നടരാജ ക്ഷേത്രം. വലതുകൈഉയര്‍ത്തി നൃത്തം ചെയ്യുന്നരീതിയിലുള്ള അപൂര്‍വ്വ നടരാജവിഗ്രഹമാണ് ഇവിടെ ഉള്ളത്. ഇവിടുന്ന് തിരിച്ചു തമ്പതടി മണ്ഡപത്തിലെത്തി ചെല്ലുന്നത് ആരെയും അതിശയിപ്പിക്കുന്ന ആയിരംകാല്‍മണ്ഡപത്തിലേക്കാണ്. ഏതുകോണുകളില്‍ നിന്നു നോക്കിയാലും നേര്‍വരയില്‍ കാണാവുന്ന 985-തൂണുകളുള്ള ഒരു കലാവിസ്മയം. 


വ്യത്യസ്തമായ സ്വരങ്ങള്‍കേള്‍ക്കുന്ന കല്‍തൂണുകള്‍.

[ആയിരംകാല്‍മണ്ഡപം എന്ന് പറയുമെങ്കിലും 985-തൂണുകളെ ഉള്ളൂ] രതിമന്മഥന്‍മാരുടെയും, കാളിയുടെയും, മോഹിനിയുടെയും, മറ്റനേകം ശില്പ്പങ്ങളുടെയും കലവറയാണ് ആയിരംകാല്‍മണ്ഡപം. മണ്ഡപത്തിന്‍റെ മച്ചില്‍ അറുപതു തമിഴ്വര്‍ഷത്തെ സൂചിപ്പിക്കുന്ന ചക്രം കൊത്തിയിരിക്കുന്നത് നമ്മെ വിസ്മയിപ്പിക്കും. ഹാളിന്‍റെ അറ്റത്തായി വലിയ നടരാജ വിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്നു. അനേകം ചിത്രങ്ങളുടെയും, താളിഓലകളുടെയും, പുരാവസ്തുക്കളുടെയും, അമൂല്യമായ ശേഖരമാണ് ആയിരംകാല്‍മണ്ഡപം. ഈ മണ്ഡപത്തിന്‍റെ അടുത്തായി പുതുതായി നിര്‍മ്മിച്ച മങ്കയാര്‍ക്കശിമണ്ഡപം. ഇതിനടുത്തായിട്ടുള്ള തിരുകല്ല്യാണമണ്ഡപം ദാരുശില്പങ്ങലാല്‍ സംമ്പുഷ്ടമാണ്. വടക്കെ ഗോപുരത്തിനടുത്തുള്ള അഞ്ചുസ്തൂപങ്ങള്‍ക്കു ചുറ്റും ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത  22-സ്തൂപങ്ങളുണ്ട്. ഇവ മുട്ടിയാല്‍ വ്യത്യസ്തമായ സ്വരങ്ങള്‍ കേള്‍ക്കാം.