കരിമ്പനകളുടെ നാട്ടില്‍ [പാലക്കാട്] ;;;;;;

കേരളകലാസാംസ്കാര്യ പാരമ്പര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന,  കേരളത്തിന്‍റെ നെല്ലറയായ  പാലക്കാട്. ഈനാടിന്‍റെ  കലാസാംസ്കാര്യ പാരമ്പര്യം ഉറക്കെ കൊട്ടിഘോഷിക്കുന്ന  കല്‍പ്പാത്തി രഥോത്സവം കാണുവാനായി പാലക്കാട്  മൂന്നുദിവസം തമ്പടിച്ചു. അതിരാവിലെ മുതല്‍ പതിനൊന്നു, പതിനൊന്നര വരെയും, വൈകുന്നേരം  നാല്, നാലരമുതല്‍ രാത്രിയുടെ അന്ത്യയാമംവരെയും ഉള്ള   രഥോത്സവാഘോഷങ്ങളുടെ ഇടക്കുള്ള പകല്‍ നാലഞ്ചു മണികൂര്‍ വെറുതെ കളയാതെ  കാല്‍പ്പാത്തിക്ക് അടുത്തുള്ള പാലക്കാടന്‍കാഴ്ചകളിലേക്ക് ഇറങ്ങുവാന്‍ തീരുമാനിച്ചു. പാലക്കാട് കോട്ട.

പാലക്കാടിന്‍റെ കിരീടമായ കൊട്ടയില്‍നിന്നാണ് കാഴ്ചകളുടെ തുടക്കം. പ്രകൃതി മാമലകള്‍ കൊണ്ട് പാലക്കാടിനെ സംരക്ഷിക്കുന്ന പോലെ മനുഷ്യനിര്‍മ്മിത സംരക്ഷണ മലയാണ് പാലക്കാട് കോട്ട. 1766-ല്‍ മൈസൂര്‍ രാജാവായ ഹൈദരാലി ആണ് കോട്ട പണികഴിപ്പിച്ചത്. പിന്നീട് ഹൈദരാലി മകനായ ടിപ്പുവിന്‍റെ സൈനിക താവളമായിരുന്നു  ഈ  കോട്ട. ബ്രിട്ടീഷ്,ടിപ്പു പോരാട്ടങ്ങള്‍ക്കൊടുവില്‍ 1799-ല്‍ മൈസൂരില്‍ വച്ച് ടിപ്പു കൊല്ലപ്പെട്ടതോടെയാണ് ഈ കോട്ട ടിപ്പുവിന്‍റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 


പാലക്കാട് കോട്ട.

 ഗതകാലസ്മരണകള്‍ അയവിറക്കി കിടക്കുന്ന കോട്ട ഇന്നു പുരാവസ്തു വകുപ്പിന്‍റെ കീഴിലാണ്. ചുറ്റും  വിശാലമായ കിടങ്ങും കൂറ്റന്‍ കരിങ്കല്ല്പാളികള്‍ കൊണ്ടുള്ള മതിലും ഉള്ള ഒരു ബ്രഹത്ത് നിര്‍മ്മിതിയാണ്‌ ഈ കോട്ട. കോട്ടവാതില്‍ കടന്ന് ചെന്നാല്‍ ആദ്യം കാണുന്നത്  ഒരു  ക്ഷേത്രമാണ് . ക്ഷേത്രത്തിലെ പ്രതിഷ്ഠ ഹനുമാനാണ്. ക്ഷേത്രത്തിനു ഇടതുവശത്തുള്ള കോട്ടമതിലില്‍ ആനകളുടെയും,പിന്നെ മനസിലാവാത്ത എന്തൊക്കയോ രൂപങ്ങള്‍  കൊത്തിവച്ചിരിക്കുന്നു.  


കോട്ടയിലെ ഹനുമാന്‍ ക്ഷേത്രം.

ഈ രൂപങ്ങള്‍ക്ക്‌ മുകളില്‍ തുളസിമാലകള്‍ ചാര്‍ത്തിയിരിക്കുന്നു.കോട്ടക്ക് അകത്തു ചെന്നാല്‍ വിശാലമായ സ്ഥലത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ മരങ്ങള്‍ തണല്‍ വിരിച്ചുനില്‍ക്കുന്നു.കോട്ടയുടെ വലതുമൂലയില്‍ മനോഹരമായൊരു കിണര്‍ സ്ഥിതിചെയ്യുന്നു.കോട്ടയിലെ കെട്ടിടങ്ങളില്‍  ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളും പാലക്കാട് സബ്ജയിലും പ്രവര്‍ത്തിക്കുന്നു. 


മലമ്പുഴ ഡാം.

കോട്ടയിലെ മതിലിനുമുകളില്‍ കൂടി നടക്കുകയും പീരങ്കി പോയന്റില്‍ നിന്ന് പാലക്കാടിനെ കണ്ടും, കോട്ടയില്‍ അലഞ്ഞു നടക്കുന്ന സഞ്ചാരികളെ കണ്ടും കോട്ടയില്‍ കുറച്ചുനേരം ചുറ്റികറങ്ങി.ഇന്ത്യയില്‍ തന്നെ നന്നായി സംരക്ഷിക്കപ്പെടുന്ന കൊട്ടയാണിത്,എന്നിരുന്നാലും എന്തൊക്കയോ പോരായ്മകള്‍ ഉണ്ടെന്നുതോന്നുന്നു. കോട്ടയില്‍നിന്നും പുറത്തിറങ്ങി. കോട്ടയ്ക്കു പുറത്തായി ഒരു  വലിയ  മൈതാനം ഉണ്ട്. 


മലമ്പുഴ ഉദ്യാനം.

ടിപ്പുവിന്‍റെ ആനകളെ തളച്ചിരുന്നതും,കുതിരലായങ്ങളും ഇവിടെയായിരുന്നു. ഇവിടെ ഇന്നു പോതുസമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ എന്നിവ നടത്തുവാന്‍ ഉപയോഗിക്കുന്നു.കുട്ടികളുടെ ഒരു പാര്‍ക്കും, രാപ്പാടി എന്നൊരു  തുറസ്സായ ഓഡിറ്റോറിയവും ഇവിടെ ഉണ്ട്.  കോട്ടയിലെ കാഴ്ചകള്‍ കണ്ട് നേരെ മലമ്പുഴക്ക് തിരിച്ചു. പാലക്കാട്ടുനിന്ന്  മലമ്പുഴക്ക്  14 k, m,ദൂരമേ ഉള്ളൂ. 


മലമ്പുഴ റോപ്പ് വേ കാര്‍.

പണ്ടുമുതലേ സ്കൂള്‍ ടൂര്‍ പാക്കേജിലെ പ്രധാനപ്പെട്ട സ്ഥലമാണ്  മലമ്പുഴ. ഇന്നു വളരെയധികം ടൂര്‍ സ്ഥലങ്ങള്‍ ഉണ്ടെങ്കിലും  മലമ്പുഴയുടെ പ്രാധ്യാനം ഒട്ടും തന്നെ കുറവു വന്നിട്ടില്ല. മലമ്പുഴ ഡാമും, ഡാമിന് താഴെയുള്ള ഉദ്യാനവും ഇവയ്ക്ക് കാവലായി നിലകൊള്ളുന്ന മലനിരകളും എല്ലാം കൂടിയുള്ള ആ കാഴ്ചയുണ്ടല്ലോ;; അത് വാക്കുകളില്‍ വിവരിക്കാവുന്നതല്ല,കണ്ടു തന്നെ അറിയണം. ജലസേചനത്തിനായുള്ള തെക്കെഇന്ത്യയിലെ  ഏറ്റവും വലിയ ജലസംഭരണിയാണ് മലമ്പുഴഡാം. കേരളത്തിന്‍റെ വൃന്ദാവനം എന്നാണ് മലമ്പുഴ ഉദ്യാനത്തെ അറിയപ്പെടുന്നത്. 


മലമ്പുഴ യക്ഷി.

പച്ച്ചപ്പുനിറഞ്ഞ പുല്‍ത്തകിടികളും, തണല്‍വിരിച്ചുനില്‍ക്കുന്ന മരങ്ങളും, ഇവക്ക് കീഴെയുള്ള ഇരിപ്പിടങ്ങളും, വൈവിധ്യമാര്‍ന്ന പുഷ്പങ്ങള്‍ നിറഞ്ഞ പൂതോട്ടവും, ഫൌണ്ടനനുകളും, ചെറുകുളങ്ങളും, എല്ലാംകൂടി  മനസ്സിന് ഉന്മേഷവും,കണ്ണിനുകുളിര്‍മ്മയും നല്‍കുന്ന മനോഹരമായൊരു ഉദ്യാനമാണ് മലമ്പുഴ ഉദ്യാനം. ഉദ്യാനത്തിനു മുകളില്‍കൂടിയുള്ള റോപ്പുവേ കാറില്‍ ഉള്ള സഞ്ചാരം മറക്കവുന്നതല്ല. സാധാരണ മറ്റ് സ്ഥലങ്ങലിലുള്ള ഉദ്യാനങ്ങളെക്കാള്‍ മനോഹരവും, കാഴ്ചകളുടെ ഉത്സവവും  മലമ്പുഴ ഉദ്യാനം നമുക്ക് നല്‍കുന്നു. മത്സ്യരൂപത്തിലുള്ള അക്യേറിയം, കുട്ടികളുടെ ട്രെയിന്‍, ജാപ്പനിസ് മോഡല്‍ ഉദ്യാനം, കനാലിനു കുറുകെയുള്ള തൂക്കുപാലം, ടെലിസ്കൊപ്പിക്ക് ടവര്‍, പാമ്പു വളര്‍ത്തല്‍ കേന്ദ്രം, 1969-ല്‍ കാനായികുഞ്ഞിരാമന്‍ നിര്‍മ്മിച്ച ഒറ്റക്കല്‍ ശില്‍പ്പമായ യക്ഷി,എന്നിങ്ങനെ കാഴ്ചകളുടെ പൂരപ്പറമ്പാണ്‌ മലമ്പുഴ ഉദ്യാനം. 


കവ.
ഉപയോഗശൂന്യമായ പാഴ്വസ്തുക്കള്‍ കൊണ്ടുള്ള റോക്ക്ഗാഡന്‍ കാണണ്ട കാഴ്ചയാണ്.  രാവിലെ 10 മുതല്‍ 5 വരെയാണ് സന്ദര്‍ശന സമയം. ഇതുകൂടാതെ  മലമ്പുഴ ഫാന്‍റെസിപാര്‍ക്കിനടുത്തുള്ള ത്രഡ് ഗാഡന്‍ കാണേണ്ടതു തന്നെയാണ്. എംബ്രോയിഡറിക്കായുള്ള വിവിധ വര്‍ണ്ണങ്ങളിലുള്ള നൂലുകള്‍ ഉപയോഗിച്ച്  സൂചിയോ അതുപോലുള്ള ഉപകരണങ്ങളോ ഉപയോഗിക്കാതെ കൈകൊണ്ട് മാത്രം  വിവിധയിനം രൂപങ്ങള്‍ നിര്‍മ്മിച്ചുവച്ചിരിക്കുന്നത് ഒരു വെത്യസ്തമാര്‍ന്ന കാഴ്ച്ചാനുഭവമാണ്   ത്രഡ് ഗാഡന്‍ [നൂല്‍ഉദ്യാനം] നമുക്ക് നല്‍കുന്നത്. കാഴ്ചകള്‍ കണ്ടു തിരികെ പോരുവാന്‍ തുടങ്ങിയപ്പോള്‍ കൈയിലെ ക്യാമറ കണ്ടിട്ടാണെന്നു തോന്നുന്നു ഒരാള്‍ വന്ന് പറഞ്ഞു മലമ്പുഴ ഡാമിനു മറുവശം കവ എന്ന അത്യാഹര്‍ഷകമായ കാഴ്ച നല്‍കുന്ന ഒരു സ്ഥലമുണ്ട്. മഴക്കാലത്ത് മേഘങ്ങളാല്‍ അത്ഭുത കാഴ്ചകള്‍ ഒരുക്കുന്ന പ്രകൃതിരമണീയമായ കവ. 


കവ.

മലമ്പുഴ ഉദ്യാനത്തെ ചുറ്റി ആനക്കല്‍ പോകുന്ന വഴിയില്‍കൂടി  12 k,m പോയാല്‍  മനോഹരിയായ കവയിലെത്താം.  മഴക്കാല യാത്രകളില്‍ ഒഴിവാക്കാനാവാത്ത സ്ഥലമത്രേ കവ. ഇത്രയും പറഞ്ഞു കേട്ടപ്പോള്‍ പോയിട്ടുതന്നെ കാര്യം. നേരെ കവയിലേക്ക് വണ്ടി തിരിച്ചു. അതിവിശാലമായ മൈതാനത്തെ ഉമ്മവച്ചുകിടക്കുന്ന മനോഹരമായ തടാകവും, പുറകിലെ പശ്ചിമഘട്ട മലനിരകളും, മൈതാന അതിരുകളില്‍ വെഞ്ചാമരം വീശി നില്‍ക്കുന്ന പനകളും, ഇവക്കിടയില്‍ പുല്ലുമേയുന്ന കാലികൂട്ടങ്ങളും, എല്ലാംകൊണ്ടും പറഞ്ഞറിയിക്കാന്‍ കഴിയാത്ത പ്രകൃതിയുടെ മനോഹര മുഖം. കേട്ടകാര്യം ശരിയാണ് വെയിലായിട്ടും ആകാശത്ത്‌ മേഘങ്ങളുടെ കളിയാട്ടം. പഞ്ഞികെട്ടുപോലുള്ള മേഘങ്ങള്‍ ആകാശത്ത്‌ ചിത്രം വരയ്ക്കുന്നു, കൂടെ കുളിര്‍കാറ്റും. ആരോപറഞ്ഞപോലെ ഭൂമിയിലെ സ്വര്‍ഗ്ഗം ഇതാണ്,,,,,,ഇതാണ്,,,,ഇതാണ്. ഇത്തവണത്തെ മഴയാത്രയില്‍ ആദ്യത്തെത് കവ എന്ന് മനസ്സില്‍ പറഞ്ഞുറപ്പിച്ച് തിരികെ കല്പ്പാത്തിക്ക്;;;;;;;;;;;

...

Ashok S P Mar-06- 2017 227