മഹാബലിപുരം;;;

കല്ലുകളില്‍ തീര്‍ത്ത കവിതകളുടെ നാട് അതാണ്‌ മഹാബലിപുരം. പല്ലവകലയുടെ ഉത്തമ ഉദാഹരണമാണ് മാമല്ലപുരമെന്ന മഹാബലിപുരം.തമിഴ് നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു തീരദേശപട്ടണമാണ് മഹാബലിപുരം.തെരുവുകള്‍ നിറയെ ദൈവങ്ങള്‍ ഉള്ള നാട്.പല്ലവ രാജാവായ മാമല്ലന്‍റെ പേരിലാണ് ഈനാട് അറിയപ്പെടുന്നത്,അതുകൊണ്ടാണ് മഹാബലിപുരത്തിനു മാമാല്ലപുരം എന്നുകൂടി പേരുള്ളത്.ക്രിസ്തുവര്‍ഷം 7,മുതല്‍ 9,വരെയുള്ള ചരിത്ര വിസ്മയങ്ങളാണ് ഇവിടുത്തെ ശില്പങ്ങള്‍.ശില്പങ്ങള്‍ കൊത്തുവാന്‍ പല നാടുകളില്‍ നിന്നും പല്ലവ രാജക്കന്മാര്‍ കൊണ്ടുവന്ന ശില്പ്പികളുടെ പിന്‍ഗാമികളാണ് ഇന്ന് തെരുവുകളുടെ ഇരുവശങ്ങളിലും ഇരുന്ന് അന്നന്നത്തെ അന്നത്തിനു വേണ്ടി ദൈവങ്ങളെ കൊത്തി കഴിയുന്നവര്‍.ഷോര്‍ടെമ്പിള്‍

കൊച്ചിയില്‍ നിന്നും കോയമ്പത്തൂര്‍,സേലം,പുതുച്ചേരി,മഹാബലിപുരം 650,k,m റും,ചെന്നയില്‍ നിന്നും 60,k,m റുമാണ് മഹാബലിപുരത്തിന്.മഹാബലിപുരത്തെ കടലിനഭിമുഖമായി ഉള്ള ക്ഷേത്രസമുച്ചയമായിരുന്നു ഷോര്‍ടെമ്പിള്‍.ഏഴു ക്ഷേത്രങ്ങളുടെ സ്ഥാനത്ത് ഇന്ന് ഒരു ക്ഷേത്രം മാത്രം.ബാക്കിയുള്ള ആറു ക്ഷേത്രങ്ങളും പുരാണകാലത്തെ സുനാമിയില്‍ തകര്‍ന്നു.ബ്രിട്ടീഷ് സഞ്ചാരിയായ ഹാന്‍ കൊക്ക് കരയില്‍നിന്നും കുറെ അകലെയായി കടലിന്‍റെ ആഴത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളും ശില്പങ്ങളും കുറെകാലത്തിനു ശേഷം കണ്ടെടുത്തു.ഇന്നുള്ള ഒരു ക്ഷേത്രം തന്നെ കാഴ്ചയുടെ വിസ്മയ ഖനിയാണ്.ഓരോ ഇഞ്ചു സ്ഥലത്തും ശില്പകലയുടെ വിസ്മയം. ജലശയനരൂപത്തിലുള്ള വിഷ്ണുവിഗ്രഹം അപൂര്‍വ്വമായ ഒരു ശില്പ്പമാണ്.


ജലശയനരൂപത്തിലുള്ള വിഷ്ണുവിഗ്രഹം

നന്ദി,നരസിംഹാവതാരം, ദുര്‍ഗ,ക്ഷേത്രകാവലായ സിംഹം എന്നിങ്ങനെ കലാവിസ്മയമൊരുക്കി നില്‍ക്കുന്നു ഈ ക്ഷേത്രം. ഇവിടുന്ന് അര്‍ജുനാസ്പെന്‍സ് കാണുവാനാണ് പോയത്.അതിഭീമാകാരമായ പാറയില്‍ സര്‍വ്വ ചരാച്ചരങ്ങളെയും മനോഹരമായി കൊത്തിയിരിക്കുന്നു.അര്‍ജുനന്‍ തപസ്സുചെയ്ത് ശിവഭഗവാനെ പ്രത്യക്ഷപെടുത്തിയെന്നും,ഈ അര്‍ജുനശിവസംഗമം കാണുവാനായി സര്‍വ്വചരാചരങ്ങളും വന്നുനില്‍ക്കുന്ന കല്‍ചിത്രീകരണമാണിതെന്നു ഗൈഡ് പറഞ്ഞു.ഈ ശില്പകലാരൂപം മറ്റൊരു ഭാഗത്ത്  വേറൊരു പാറയില്‍ പരീക്ഷിച്ചു നോക്കിയട്ടാണ് ഇവിടെ  വലിയ പാറയില്‍ ശില്പകല ചെയ്തിരിക്കുന്നത്. ഇതു രണ്ടും നമുക്ക് കാണാവുന്നതാണ്.


അര്‍ജുനാസ്പെന്‍സ് 

ഇവിടുന്ന് കുറച്ചുകൂടി മുന്നോട്ട് പോയാല്‍ അടുത്ത കലാവിസ്മയം പഞ്ചരഥ[ഫൈവ്‌രാധാസ്].വിശാലമായ ഒറ്റക്കല്‍ പാറയില്‍ കൊത്തി ഉണ്ടാക്കിയിരിക്കുന്ന അഞ്ചു രഥങ്ങള്‍ കണ്ടാല്‍ അമ്പരന്നു നിന്നുപോകും.ഈ അഞ്ചു രഥങ്ങള്‍ അഞ്ചു ക്ഷേത്രങ്ങളാണെന്നും പറയുന്നു. രഥങ്ങളുടെ ഒരുവശത്ത് പുറംതിരിഞ്ഞു നില്‍ക്കുന്ന വളരെവലിപ്പമുള്ള ആനയുടെയും,സിംഹത്തിന്‍റെയും പ്രതിമ കാണേണ്ടതുതന്നെയാണ്.


പഞ്ചരഥ[ഫൈവ്‌രാധാസ്]

മറുവശത്താകട്ടെ ശാന്തമുഖത്തോടെയുള്ള നന്ദി ശില്പവും. മഹാബലിപുരത്തിന്‍റെ ഹൃദയഭാഗത്തുള്ള മലമുകളിലുള്ള ഗുഹാക്ഷേത്രമാണ് മഹിഷാമര്‍ദ്ദിനി ക്ഷേത്രം.പാറതുരന്ന് ഉണ്ടാക്കിയ ക്ഷേത്രചുമരുകളിലെ ശില്പ്പവേലകള്‍ കണ്ടാലും കണ്ടാലും മതിവരില്ല.മഹിഷാസുരനും,ദുര്‍ഗ്ഗാദേവിയും തമ്മിലുള്ള യുദ്ധരംഗമാണ് പ്രധാന ശില്പ്പം. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു കോട്ടവുംതട്ടാതെ ജീവന്‍ തുടിക്കുന്ന ശില്പ്പങ്ങളായി ഇന്നും നിലനില്‍ക്കുന്നു.ഈ ക്ഷേത്രത്തിനു മുകളിലാണ് പണ്ടുകാലത്തെ ലൈററ്ഹൗസ് സ്ഥിതിചെയ്യുന്നത്.


 പണ്ടുകാലത്തെ ലൈററ്ഹൗസ് 

വലിയ മുറിയുടെ വലിപ്പത്തില്‍ പാരതുരന്ന് ഉണ്ടാക്കിയതാണിത്.ഇതിന്‍റെ നാലുചുമരുകളിലും നിറയെ ശില്പ്പവേലകള്‍ ചെയിതിരിക്കുന്നു.ഇവിടെ നിന്നുള്ള മഹാബലിപുരം കാഴ്ച നയനമനോഹരമാണ്.ഈ കാഴ്ചകള്‍ കണ്ട് മലയിറങ്ങിയാല്‍ കൃഷ്ണമണ്ഡപം, വരാഹഗുഹ,ധര്‍മ്മരാജമണ്ഡപം,ആദിവരാഹക്ഷേത്രം,കൊനേരിമണ്ഡപം,മുകുന്ദക്ഷേത്രം, സപ്തമാതൃകകള്‍,കൊടിക്കല്‍ മണ്ഡപം എന്നിങ്ങനെ കണ്ണുകള്‍ക്ക്‌ വിശ്രമമില്ലാത്ത കാഴ്ചകളുടെ കലവറയാണ് മഹാബലിപുരം.


ബാലന്‍സിംഗ്റോക്ക്

മഹാബലിപുരത്തെ വലിയ അത്ഭുതം വലിയ പാറചെരുവില്‍ നില്‍ക്കുന്ന ഭീമാകാരമായ ഉരുളന്‍ കല്ലാണ്[ബാലന്‍സിംഗ്റോക്ക്].ഏതുനിമിഷവും ഉരുണ്ടുപോകും എന്നനിലയില്‍ വര്‍ഷങ്ങളായി നിലകൊള്ളുന്ന കാഴ്ചവിസ്മയം.ഇവിടുത്തെ മറ്റൊരു വിസ്മയകാഴ്ച  ഇന്ത്യ സീഷെല്‍ മ്യൂസിയമാണ്.ഏഷ്യയിലെതന്നെ വലിയതും ആദ്യത്തെതുമാണിത്.പല രാജ്യങ്ങളില്‍ നിന്നുമായി നാല്പ്പതിനായിരത്തിലധികം കടല്‍ ഷെല്ലുകളുടെ വിപുലമായശേഖരമുണ്ട് ഇവിടെ കെ.രാജ.മുഹമ്മദു എന്നയാളാണ് ഇതിന്‍റെ സ്ഥാപകന്‍.


ഇന്ത്യ സീഷെല്‍ മ്യൂസിയം

എല്ലാദിവസവും രാവിലെ 8,മുതല്‍ വൈകുന്നേരം 8 മണിവരെയാണ് പ്രവേശനം. ഒരാള്‍ക്ക് 100,രൂപയാണ് ഫീസ്‌.അതിമനോഹരമായാണ് ഈ മ്യൂസിയം സജീകരിച്ചിരിക്കുന്നത്. മഹാബലിപുരത്ത് വരുമ്പോള്‍ ഇതു കണ്ടില്ലെങ്കില്‍ ഒരു വലിയ നഷ്ടമായിരിക്കും. 


കടല്‍ ഷെല്ലുകളുടെ ശേഖരം

മഹാബലിപുരത്തെ കാഴ്ചകകള്‍ എല്ലാം 4,5,k,m അകലത്തിലാണുള്ളത് അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഓട്ടോറിക്ഷ വിളിക്കരുത്,ഒന്നുകില്‍ നടന്ന് കാണുക,അല്ലെങ്കില്‍ സൈക്കിള്‍ വാടകക്ക് എടുക്കുക,,സ്വന്തം വാഹനത്തില്‍ പോകുക.മഹാബലിപുരത്തെ യാത്ര ജനുവരിയിലായാല്‍ ശില്പ്പകലകളുടെ നാട്ടില്‍ ചിലങ്കകളുടെ വിസ്മയചുവടുകളും കാണാം. ഇവിടുത്തെ ഡാന്‍സ് ഫെസ്റ്റിവല്‍ നടക്കുന്നത് ജനുവരിയിലാണ്.എല്ലാ ക്ലാസിക്ക് കലകളുടെയും ഉത്സവം കണ്‍നിറയെ കാണാം.മഹാബലിപുരം മുഴുവനും കണ്ടുകഴിഞ്ഞാലും പിന്നെയും കാണും എന്തെങ്കിലുമൊക്കെ കാണുവാന്‍,കണ്ടു മുഴുവനാക്കാന്‍ കഴിയാത്ത കണ്ണും,മനസ്സുമായി നാട്ടിലേക്ക്,,,,,,,,,,,
...

Ashok S P Jun-02- 2016 657