രാവണരാജ്യത്തേക്ക്,,,,,[ശ്രീലങ്ക]

ഇന്ത്യക്ക് പുറത്തുള്ള കേരളത്തിലേയ്ക്ക് ഒരു യാത്ര,അതെ കേരളത്തിന്‍റെ ഫോട്ടോസ്റ്റാറ്റായ ശ്രീലങ്കയിലേക്ക്,രാവണന്‍റെ നാട്ടിലേക്ക്.കൊളംബോയില്‍നിന്ന് ശ്രീലങ്കയിലെ പ്രമുഖ ഹില്‍ സ്റ്റേഷനായ കാന്‍ഡിയിലേക്ക്.കൊളംബോ,കാന്‍ഡി 115,k.m ആണ്.ഈ റൂട്ടില്‍ 70,k.m ദൂരത്തുള്ള കേഗല്ലേ ടൌണില്‍ നിന്നും റംബുക്കാന റൂട്ടില്‍ 15,k.m പോയാല്‍ പിന്നവളയായി. ലോകപ്രസിദ്ധമായ ആന ഓര്‍ഫനേജ് പിന്നവളയിലാണ്.ആന ഓര്‍ഫനേജ് പിന്നവള

പരിക്കുപറ്റുകയും  കൂട്ടംതെറ്റി പോകുന്നതുമായ ആനകളെ പുനരധിവസിപ്പിക്കുന്ന ലോകത്തിലെ ഏറ്റവുംവലിയ കേന്ദ്രമാണിത്.വെടിയേറ്റു കാഴ്ചപോയ ആന,ബോംബുപൊട്ടി വലതു മുന്‍കാല് പോയ ആന എന്നിങ്ങനെ കണ്ണിനെ ഈറനണിയിക്കുന്ന കാഴ്ചകളും,കണ്ണിനു കുളിരുപകരുന്ന ആനകളുടെ ഈറ്റില്ലമായ അമ്മതൊട്ടിലും എല്ലാംകൂടി 25 ഏക്കറിലെ അതിവിപുലവും വിശാലമായതുമായ ഒരു കാഴ്ച വിസ്മയം.1975 ല്‍ ആണ് ഈ കേന്ദ്രം സ്ഥാപിതമായത്.ശ്രീലങ്കന്‍ വന്യജീവി സംരക്ഷണവകുപ്പിന്‍റെ  കീഴിലാണിത്.


 ഹെര്‍ഡ് നദിയിലെ ആനക്കുളി


നാല് അനാഥ ആനകളില്‍ നിന്ന് 142 ആനകള്‍ വരയായ വിശാലമായ ആന തൊട്ടില്‍.89 കൊമ്പനും,53 പിടിയാനകളുമാണ് ഇവിടെ ഉള്ളത്.വേറെ ചെറിയ ആന കുട്ടികളും ഉണ്ട്.1984 ല്‍ ആണ് ആദ്യത്തെ ആനകുട്ടി ജനിച്ചത്.ഈ ആനകളെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും ഒരു കാഴ്ച തന്നെയാണ്.400 രൂപ ഫീസടച്ചാല്‍ നമുക്കും ആനക്ക് ഭക്ഷണം കൊടുക്കാം.അമ്മതൊട്ടില്‍ എന്ന കൂടാരമാണ് ആനകളുടെ ഈറ്റില്ലം.ഇവിടെ 34 ആനകുട്ടികളെ പ്രസവിച്ചിട്ടുണ്ട്.അമ്മയാനകളെയും തീരെ കുട്ടികളെയും,അവശരായ ആനകളെയും ഒഴിവാക്കി  ബാക്കിയുള്ളയെ മുഴുവന്‍ ആട്ടിന്‍പറ്റങ്ങളെ  കൊണ്ടുപോകുന്നതുപോലെ ഹെര്‍ഡ് നദിയില്‍ കുളിപ്പിക്കുവാന്‍ കൊണ്ടുപോകുന്നത് കാണേണ്ട കാഴ്ചയാണ്.


ഹെര്‍ഡ് നദിയിലെ ആനക്കുളി

ഈ ആനകളെ മുഴുവന്‍ കൊണ്ടു  പോകുന്നത് രണ്ടേരണ്ട് പാപ്പന്‍മാര്‍ മാത്രമേയുള്ളൂ.ഒരുവലിയ മല ഇളകിവരുന്നതുപോലെ വഴി നിറഞ്ഞു വരുന്ന ആനകളുടെ കാഴ്ച നമ്മേ വിസ്മയിപ്പിക്കും.ഈ കേന്ദ്രത്തിന്‍റെ എതിര്‍വശത്തുള്ള റോഡു മുറിച്ചുകടന്നാണ് ആനകളെ നദിയില്‍ കുളിപ്പിക്കുവാന്‍ കൊണ്ട്പോകുന്നത്.പോകുന്ന വഴിയുടെ ഇരുവശത്തും നിറയെ കച്ചവട കേന്ദ്രങ്ങളാണ്.ആനകളുടെ തേക്കുപ്രതിമകളും,സുവിനിയര്‍ ഷോപ്പുകളും,ആനപിണ്ടം കൊണ്ടുണ്ടാക്കിയ പേപ്പര്‍ വില്‍ക്കുന്ന കടകളും മറ്റുമാണുള്ളത്.


ഹെര്‍ഡ് നദിയിലെ ആനക്കുളി

ആനകള്‍ കുളിക്കുവാന്‍ വരുന്ന സമയത്ത് കടകളുടെ ഷട്ടറുകള്‍ അടക്കും,ആനകള്‍ കടന്നുപോയാല്‍ വീണ്ടും തുറക്കും. നദിയില്‍ ആനകളിറങ്ങിയാല്‍ പിന്നെ കാഴ്ചകളുടെ പൂരമാണ്‌.ചിലത് അനങ്ങാതെ നില്‍ക്കും മറ്റുചിലത് വെള്ളം ചീറ്റിക്കും,മറ്റു ചിലരാകട്ടെ നദിയുടെ മറുകരയിലെ പുല്ലുതേടി പോകും അങ്ങനെ അവര്‍ക്ക് തോന്നിയതുപോലെ രണ്ടു മണികൂര്‍ ആനനീരാട്ട്.നദിയില്‍ നോക്കിയാല്‍ കടുക് വിതറിയതുപോലെ ആനകള്‍.ആനകളുടെ കൂറെനിന്ന് ഫോട്ടോ എടുക്കാന്‍ പാപ്പന്‍മാര്‍ക്ക് 50 രൂപ കൈമടക്കു കൊടുക്കണം അതിനാല്‍ ഫോട്ടോ എടുക്കുന്നത് അവര്‍ക്ക് സന്തോഷമുള്ള കാര്യമാണ്.ആനപിണ്ടം കൊണ്ടുള്ള പേപ്പര്‍ നിര്‍മ്മാണം ശ്രീലങ്കയില്‍ ഒരു വ്യവസായമാണ്.പേപ്പര്‍ ഉണ്ടാക്കുന്ന രീതികള്‍ നമുക്ക് കാണിച്ചുതരും.ആന ഓര്‍ഫനേജിലെ പ്രവേശന ഫീസ്‌ 600 ശ്രീലങ്കന്‍ രൂപയാണ് നമ്മുടെ 300 രൂപയോളം വരുമത്.ഈ ഫീസ്‌ സാര്‍ക്ക് രാജ്യക്കാര്‍ക്ക് മാത്രമാണ്.ശ്രീലങ്കക്കാര്‍ക്ക് 60 രൂപയാണ്, മറ്റു വിദേശികള്‍ക്ക് വളരെകൂടുതലാണ് ഫീസ്‌.ഇവിടുത്തെ പ്രവേശന സമയം രാവിലെ 8.30 മുതല്‍,വൈകുനേരം 6.30 വരെയാണ്.ഇവിടുത്തെ മറ്റുസമയക്രമങ്ങള്‍ 9.15 ന് രാവിലെ ഭക്ഷണം,10,15 ന് കുളിപ്പിക്കുവാന്‍ കൊണ്ടുപോകും 12 മണിക്ക് കുളികഴിഞ്ഞ് മടക്കം,1.15 ഉച്ചഭക്ഷണം,2മണിക്ക് വീണ്ടും കുളി,3 മണിക്ക് കുളികഴിഞ്ഞ് മടക്കം,4 മണിക്ക് ഭക്ഷണം,6.30 അടക്കും.കണ്ണുനിറച്ച് ആനകളെ കണ്ട് അവിടുന്ന് നേരെ ക്യാന്‍ഡിയിലേക്ക്.


കാന്‍ഡി തടാകം

1988 മുതല്‍ ലോകപൈതൃക ആസ്ഥാനമായി യുനസ്കോയുടെ പട്ടികയില്‍ വന്നിട്ടുള്ള മനോഹരമായ ഒരു നഗരമാണ് കാന്‍ഡി.ഇവിടെ തേയിലകൃഷി വ്യാപകമായിട്ടു നടക്കുന്നു. തേയില കുന്നുകളും,താഴ്വരകളും          തടാകങ്ങളുമൊക്കെയായി ശ്രീലങ്കയിലെ സുന്ദരിയായ ഹില്‍  സ്റ്റേഷനാണ് കാന്‍ഡി.ലോകബുദ്ധമത വിശ്യാസികളുടെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് കാന്‍ഡി.ശ്രീ ബുദ്ധന്‍റെ ഒരു പല്ല് സൂക്ഷിച്ചിരിക്കുന്ന ബുദ്ധക്ഷേത്രമായ മലിഗവ [ടെമ്പിള്‍ ഓഫ് ടൂത്ത്]യാണ് കാന്‍ഡിയെ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നത്.കാന്‍ഡി സിറ്റിയുടെ നടുക്കായി 3.5 k.m ചുറ്റളവില്‍ മനോഹരമായതും വിശാലമായതുമായ തടാകമാണ് കാന്‍ഡി ലേക്ക്.തടാകത്തിനു ചുറ്റും നടപ്പാതകളും ഉദ്യാനങ്ങളുമൊക്കെയായി കാന്‍ഡി നഗരത്തെ കൂടുതല്‍ സുന്ദരിയാക്കുന്നു. കാന്‍ഡി നഗരത്തിന്‍റെ എവിടുന്നു നോക്കിയാലും കാണാവുന്ന തരത്തില്‍ ഒരു കുന്നിന്‍ മുകളിലായി ഒരു  ബുദ്ധന്‍റെ വലിയ പ്രതിമ കാണാം.കാന്‍ഡിയുടെ മറ്റു വിശേഷങ്ങളും,ശ്രീലങ്കയുടെ വിശേഷങ്ങളും അടുത്ത ഭാഗത്ത്,,,,.....


...

Ashok S P Mar-22- 2016 295