മേഘങ്ങള്‍ മുത്തുന്ന പശ്ച്ചിമഘട്ട മലകളും നിബിഡവനങ്ങളും മഞ്ഞുപുതച്ച വഴികളും ആകാശവും ഭൂമിയും ഒന്നാവുന്നതുമായ ഒരു ചെറിയ സ്വര്‍ഗ്ഗം അതാണ് മേഘമല.മേഘമലയെ ക്കുറിച്ച് കേട്ടത് ഇതാണ്,അപ്പോള്‍ കണ്ടുതന്നെ അനുഭവിക്കണം.പോകുന്നവഴിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കമ്പം തേനി റൂട്ടിലാണ് മേഘമല എന്ന വിവരം കിട്ടി.എന്നാല്‍ തേനിയും കാണുക,പലവട്ടം തേനിവഴി പോയെങ്കിലും തേനിയെ കണ്ടിട്ടില്ല.
തേനിയിലെ കൃഷി
തേനി തമിഴ്നാട്ടിലെ ഒരു കാര്‍ഷിക ജില്ല.പഞ്ഞി,മുളക്,തുണിത്തരങ്ങള്‍ക്ക് പേരുകേട്ടതാണ് തേനി.വണ്ടിപെരിയാര്‍,കുമളി വഴി തേനിക്ക്.കുമളിയില്‍നിന്നും ചെങ്കുത്തായ മലയിറക്കം,വളഞ്ഞു പുളഞ്ഞ വഴിയില്‍കൂടിയുള്ള യാത്ര ഹരംപകരുന്നതാണ്.ചുറ്റുപാടും ഉയരം കുറഞ്ഞ പാഴ്ചെടികളുടെ കാടുകളാണ്.ഓരോ വളവുകളിലും വിശാലമായ തമിഴ് കൃഷിയിടങ്ങളുടെ നയന മനോഹരമായ കാഴ്ചകളാണ്.ഏകദേശം 13,k,m ദൂരമുണ്ട് ഈ ചുരം റോഡിന്.
തേനിയിലെ കൃഷി
സമതലഭൂമിയിലെത്തുമ്പോള് നമ്മെ വരവേല്‍ക്കുന്നത് വിശാലമായ കൃഷിയിടങ്ങളാണ്. പുളിയും,ചോളവും,പച്ചക്കറികളും കൊണ്ട് പല വര്‍ണ്ണങ്ങളില്‍ നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍.പശ്ച്ചിമഘട്ട മലനിരകളാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് തേനി.കമ്പം മുതല്‍ തേനിവരെയുള്ള വഴിസൈഡില്‍ വിശാലമായ മുന്തിരിതോട്ടങ്ങളാണ് .ഇവിടെ ഇറങ്ങി മുന്തിരി ആദായവിലക്ക് മേടിക്കുകയും തോട്ടം ഉടമസ്ഥന്റെ അനുമതിയോടെ മുന്തിരികുല പറിച്ചു തിന്നുകയുമാകാം. തേനിജില്ലയില്‍ കുറെ ടൂര്കേന്ദ്രങ്ങള് ഉണ്ട്.അവയില്‍ പ്രധാനപെട്ട ഒന്നാണ് സുരുളിപ്പെട്ടി വെള്ളച്ചാട്ടം.മുല്ലപെരിയാര്‍,സുരുളി, വരഗാനദി,വൈഗൈ നദി എന്നീ നദികള്‍ തേനിയിലൂടെ ഒഴുകുന്നു.
വൈഗൈ
കമ്പം,കുമളി റൂട്ടില്‍ കുറച്ചുപോയി ഇടത്തോട്ടു ഏകദേശം 10 k,m പോയാല്‍ സുരുളി വെള്ളച്ചാട്ടമായി. ശാന്തസുന്ദരമായ തമിഴ് ഗ്രാമങ്ങളില്‍ കൂടിഉള്ള യാത്ര മനസിനെയും ശരീരത്തെയും കുളിര്‍പ്പിക്കുന്നു..തേനിജില്ലയിലെ ആണ്ടിപ്പെട്ടിയിലാണ് വൈഗൈ ഡാം.പൂന്തോട്ടവും പാര്‍ക്കും ഒക്കെയായി ഒരു ടൂറിസ്റ്റ്കേന്ദ്രമാണ് വൈഗൈ ഡാം.വെള്ളിമല,മേഘമലൈ എന്നീ വന്യജീവിസങ്കേതങ്ങളും തേനി ജില്ലയിലാണ്. പ്രകൃതിസുന്ദരമായൊരു ഹില്‍സ്റ്റേഷനാണ് ബോഡിമെട്ടു.തേനിയില്‍നിന്നും 18 k,m ദൂരെയാണ് ബോഡിമെട്ടു.തേനി,ബോഡിമെട്ടു റോഡ്സൈഡിലുള്ള പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തീര്‍ത്ഥ തൊട്ടി തിരുകോവില്‍.ഈ കോവിലിലെ കുളത്തില്‍ വറ്റാത്ത ഒരു ഉറവചാടുന്നു.ഈ ഉറവയില്‍ കുളിച്ചാല്‍ ആഗ്രഹസഫലീകരണത്തിന് ഉത്തമമാണെന്ന് വിശസിക്കുന്നു.
മേഘമല റൂട്ട്
സമയം വൈകിയതുകൊണ്ട് അന്ന് തേനിയില്‍ തമ്പടിച്ചു. പിറ്റേന്ന് അതിരാവിലെ മേഘമലക്ക് വച്ചടിച്ചു. തേനിയിനിന്നും 60 k,m ആണ് മേഘമലക്ക്.കുമളി,കമ്പം റൂട്ടില്‍ ഇടക്ക് തിരിഞ്ഞ് കുറച്ചുപോയാല്‍ ചിന്നമണ്ണൂരിലെത്തം.അവിടുന്ന് മുകളിലേക്കുള്ള വഴിയാണ് മേഘമലക്കുള്ളത് അതിരാവിലെയുള്ള യാത്രയായതിനാല്‍ പ്രകൃതി ഭംഗി പറഞ്ഞറിയിക്കുവാന്‍ കഴിയില്ല.വഴിയുടെ ഇരുവശങ്ങളിലും അസൂയപ്പെടുത്തുന്ന കൃഷിയിടങ്ങളാണ്.
മേഘമല റൂട്ട്
കൃഷിയിടങ്ങള്‍ കഴിഞ്ഞാല്‍ മലമ്പാത തുടങ്ങുകയായി.തനി ഓഫ്റോടാണ് 10,12 ഹെയര്‍പിന്‍ വളവുകളുണ്ട് ഈ വഴിയില്‍.മലമ്പാത തുടങ്ങുന്നിടത്തു ഘോരവനവും തുടങ്ങുകയായി,വഴിനിറയെ ആനപിണ്ടങ്ങളായിരുന്നു.മലയണ്ണാന്,സിംഹവാലന്‍ കുരങ്ങ്,പുള്ളിമാന്‍,പേരറിയാത്ത അനേകം പക്ഷികള്‍,ചീവീടുകളുടെ കാതടപ്പിക്കുന്ന സംഗീതം,എല്ലാം കൊണ്ടും മനോഹരമായൊരു യാത്ര യായിരുന്നു.കുറെ ദൂരം പോയപ്പോള്‍ മേഘമല എന്ന ബോര്‍ഡുകണ്ടു അവിടുന്നുമുതല് പ്രകൃതിക്ക് മാറ്റങ്ങള്‍ കണ്ടുതുടങ്ങി,ശാന്തസുന്ദരമായ കാഴ്ചകള്‍ പ്രകൃതിയുടെ സ്വരലയങ്ങളല്ലാതെ ഒരു ബഹളങ്ങലുമില്ല ഇത്ര സൈലന്റ്റായായ സ്ഥലത്ത് ഇതുവരെ പോയിട്ടില്ല.
മേഘമല
കുറച്ച് ലയങ്ങളും, ചെറിയ പള്ളിയും അമ്പലവും ഒരു കുഞ്ഞന്‍ ഹോട്ടലും പഞ്ചായത്തുവക 10 മുറി കെട്ടിടവും ഇതാണ് ഇവിടുത്തെ 5 സ്റ്റാര്‍,തേയിലത്തോട്ടങ്ങളുടെയും ചൊലക്കാടുകളുടെയും ഇടയില്‍ കിടക്കുന്ന ഈ സ്ഥലം അതിമനോഹരമാണ്. മേഘങ്ങളുടെ ഒരു പോട്ടുപോലുമില്ലത്ത നീലാകാശം കാണേണ്ട കാഴ്ചയാണ്.
മേഘമല
മേഘങ്ങളും,കാടും,മലനിരകളും,വന്യജീവികളും,വെള്ളച്ചാട്ടങ്ങളും,കോടമഞ്ഞും, എല്ലാംകൂടി കാഴ്ചകളുടെ സ്വര്ഗീയവിരുന്നൊരുക്കുന്നു മേഘമല.അതിവിശാലമായ തേയിലത്തോട്ടങ്ങള്‍ കണ്ടാല്‍ പച്ചകുടനിവര്ത്തിയിരിക്കുകയാണെന്നുതോന്നും.ഈ തോട്ടങ്ങളില്‍ മഞ്ഞും മേഘങ്ങളുടെ നിഴലുകളും ചേര്‍ന്ന് ഒരു വര്‍ണ്ണ ഷോ നമ്മെ കാണിക്കുന്നു.
മേഘമല
എസ്റ്റേറ്റ് റോഡില്‍ കൂടി 7 k,m പോയാല്‍ വെണ്ണിയാര്‍ ഡാമിനടുത്തുള്ള മഹാരജാമേട് വ്യു പോയന്റ്റില്‍ എത്താം.ഇവിടെ നിന്നുള്ള കാഴ്ചകള്‍ വിസ്മയിപ്പിക്കുന്നതാണ്. ദൂരെ പൊട്ടുപോലെ പട്ടണങ്ങള്‍ വളഞ്ഞുപുളഞ്ഞ വഴികള്‍ നോക്കെത്താത്ത ദൂരത്തുള്ള വെണ്ണ് മേഘങ്ങളുടെ അതിശയിപ്പിക്കുന്ന വര്‍ണ്ണഭംഗികള്‍ ഇവയൊക്കെ ഒരിക്കലും മറക്കാത്ത കാഴ്ചകളാണ്.
മേഘമല
പിന്നെയുള്ളത് വട്ടപ്പാറ മലയാണ് ഇത് മണലാറില്‍ നിന്ന് 400 അടി മുകളിലാണ്. ഇതു കാണാന്‍ അതിരാവിലെപോകണം,അതിനാല്‍ ആ കാഴ്ച മുടങ്ങി.കാഴ്ചകളുടെ വിസ്മയങ്ങളില്‍ മുങ്ങി മൂന്ന്,നാല് മണിക്കൂറുകള്‍ പോയതറിഞ്ഞില്ല,ഇനിയും കാണാനുണ്ട് മേഘമലയില്‍.വരയാട്ടിന്‍ മേടു,ചുരുളി വെള്ളച്ചാട്ടത്തിന്റെ ഉത്ഭവസ്ഥാനം.
മേഘമല
എന്നിങ്ങനെ പോകുന്നു മേഘമല കാഴ്ചകള്‍.ഈ കാഴ്ചകളെ പിന്നൊരിക്കല്‍ കാണാം എന്ന ആശയോടെ മനസ്സില്ലാമനസ്സോടെ തിരികെ നാട്ടിലേക്ക്......
...