ഭൂതത്താന്‍കെട്ട്,പൂയംകുട്ടി,ഇടമലയാര്‍

കണ്ണും മനസ്സും നിറയ്ക്കുന്ന പ്രകൃതിയുടെ മനോഹാരിത കണ്ടുകൊതി തീരുവാനൊരു ചെറിയൊരു ടൂര്‍.എറണാകുളം ജില്ലയിലെ കോതമംഗലത്തുള്ള ഭൂതത്താന്‍കെട്ട്,ഇടമലയാര്‍,ബ്ലാവന,പൂയംകുട്ടി,കണ്ടന്‍ പാറ എന്നീ വന ഗ്രാമങ്ങളിലൂടെ,പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു ഓട്ടപ്രദിക്ഷണം.ഭൂതത്താന്‍കെട്ട്

പിണ്ടിമനഗ്രാമത്തില്‍ കാനന ഭംഗിക്ക് മാറ്റുകൂട്ടുന്ന ഒരു ഡാം അതാണ്‌ ഭൂതത്താന്‍കെട്ട് ഡാം.അണക്കെട്ടിന്‍റെ സൈഡില്‍ കാട്ടില്‍ കൂടി ഒരു കിലോമീറ്റര്‍ നടന്നാല്‍ ഭൂതങ്ങള്‍ കെട്ടി എന്നുപറയപ്പെടുന്ന പണ്ടത്തെ അണക്കെട്ട് കാണാവുന്നതാണ്.ഈ കാട്ടില്‍ കൂടിയുള്ള യാത്ര വളരെയധികം ഹരം പകരുന്നതാണ്.


പഴയ ഡാമിലെക്കുള്ള കാട്ടുവഴി

ഡാമിന്‍റെ മറുസൈഡില്‍ ഒരു കൃത്രിമ കുളമുണ്ട്  അതില്‍ പെഡല്‍ ബോട്ടിങ്ങ് സൗകര്യമുണ്ട്.ഭൂതത്താന്‍കെട്ട് കണ്ട് നേരെ ഇടമലയാര്‍ക്ക്.ഈ ഡാം കാണുന്നതിന് ഡാം സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്‍റെ പാസ്സ് വേണം.ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ കിട്ടുന്നതാണ്[ceipds@ksebnet.com or 04712448972]ഇതാണ് സൈറ്റും ഫോണ്‍ നംമ്പറും.


ഇടമലയാര്‍

പ്രകൃതിയുടെ കമ്മലുകള്‍ പോലുള്ള മലകള്‍ക്കിടക്ക് മനോഹരമായൊരു ഡാം.ഇവിടുത്തെ പ്രകൃതിഭംഗി വര്‍ണ്ണിക്കുവാന്‍ കഴിയില്ല,അത്രക്ക് മനോഹരമാണ്‌.രാവിലെ ചെന്നാല്‍ മീന്‍പിടുത്ത കാരില്‍നിന്നും പിടക്കണ മീന്‍ കിട്ടും.വേഴാമ്പല്‍,കഴുകന്‍,കിംഗ്‌ഫിഷര്‍,മാണിക്യം പ്രാവ്,എന്നിങ്ങനെ വിവിധയിനം പക്ഷികളുടെ സാമ്രാജ്യമാണ് ഇടമലയാര്‍.ഇവിടെ കുറച്ച് കറങ്ങിത്തിരിഞ്ഞ് പൂയംകുട്ടിക്ക്.


പൂയംകുട്ടി

പച്ചകളുടെ ധാരാളിത്തം അതാണ്‌ പൂയംകുട്ടി.പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് മനംകവരുന്ന ഈ ഹരിത പ്രദേശം.പൂയംകുട്ടി കാഴ്ചകളുടെ കേദാരമാണ്.ഈറ്റകളുടെ തലസ്ഥാനം എന്നുവേണമെങ്കില്‍ പറയാം.ഇവിടെയുള്ള ആദിവാസികളുടെ മുഖ്യ വരുമാനമാര്‍ഗ്ഗം ഈറ്റ,മുള,ചൂരല്‍ എന്നീ വനവിഭവങ്ങളാണ്‌.അതിമനോഹരമായ കാട്ടരുവി കാടിനെ തലോടി പോകുന്നതു കണ്ടാലും കണ്ടാലും മതിവരില്ല.മഴക്കാടുകള്‍,ചെറിയ വെള്ളച്ചാട്ടങ്ങള്‍,കാട്ടുപക്ഷികളുടെ സംഗീതം എല്ലാം കൂടി ഒരു പുതിയ ലോകത്തിലെന്നപോലെ തോന്നും.പടമെടുക്കാനും,എഴുതാനും,കാടിനെ അടുത്തറിയാനും താല്പ്പര്യമുള്ളവര്‍ക്ക് സ്വര്‍ഗ്ഗമാണ് പൂയംകുട്ടി.


പൂയംകുട്ടി ചപ്പാത്ത്

കുട്ടന്‍പുഴ പഞ്ചായത്തിന്‍റെ കിഴക്കന്‍ പ്രദേശമാണ് ഈ മനോഹര സ്ഥലം.പൂയംകുട്ടി ചപ്പാത്ത് കടന്ന് അക്കരെ ഉറിയംപെട്ടി,വാരിയം,തേര തുടങ്ങിയ ആദിവാസികോളണികളാണ്.ഇവിടെയുള്ള ഒരാളേയും കൂട്ടിയാണ് കണ്ടന്‍പാറ കാണുവാന്‍ പോയത്.ചപ്പാത്ത് കടന്ന് കുറച്ച്ചെന്ന് കാട്ടില്‍കയറി കുറച്ചു പോയാല്‍ കണ്ടന്‍പാറയിലെത്തും[കാട്ടില്‍ കയറുവാന്‍ വനപാലകരുടെ അനുമതി വേണം]മനോഹരമായ കാടും,കാട്ടരുവിയും കണ്ണിന് ഉത്സവമാണ്.പാറകള്‍ക്കിടയിലൂടെയുള്ള കാട്ടരുവിയുടെ പ്രയാണം കണ്ടാല്‍ കൊതിതീരില്ല.


കണ്ടന്‍പാറ
ജില്ലയിലെ ഏറ്റവും ദൂരെയുള്ള പോളിങ്ങ് ബൂത്തായ തേവരക്കുടി പോലുള്ള വനഗ്രാമങ്ങളിലേക്കുള്ള ഒരേയൊരു വഴിയാണ് ബ്ലാവന കടവ്.രണ്ടു വള്ളങ്ങള്‍ കൂട്ടി കെട്ടി ചെങ്ങാടം ഉണ്ടാക്കി അതില്‍ ചരക്കു വണ്ടികളും ആളുകളും അക്കരെ കടക്കുന്നത്‌ ഒരു കാഴ്ചതന്നെയാണ്.ഇത്രയും കണ്ടപ്പോഴെക്കും സമയം അതിക്രമിച്ചു.പ്രകൃതിയുടെ മടിത്തട്ടില്‍നിന്നും നേരെ തിരക്കുകളുടെ നഗരത്തിലേക്ക് മടക്കം';'';';';';';


ബ്ലാവന കടത്ത്

...

Ashok S P Feb-10- 2016 413