പുകവലിക്കുന്ന പാറകള്‍;;;; [ ഹൊഗനക്കല്‍ ] ;;;;;;;; ഭാഗം രണ്ട്;;;

തലേദിവസം കുറച്ചു കറങ്ങിനടന്ന് ഹൊഗനക്കലിന്റെ വിശേഷങ്ങള്‍ കണ്ട് കുറെ ഫോട്ടോകള്‍ എടുത്ത് മുറിയില്‍ വന്ന് വിശ്രമിച്ചത് വരെയാണ് എഴുതി നിര്‍ത്തിയത്... യാത്രാക്ഷീണത്താല്‍ കിടന്ന ഉടനെ ഉറങ്ങിപ്പോയി. അലാറം കേട്ടാണ് ഉണര്‍ന്നത്. പെട്ടന്ന് തയ്യാറായി മുറിക്ക് പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ വന്ന് വഞ്ചിയാത്ര പോകാമെന്ന് പറഞ്ഞു. തലേന്ന് പയ്യന്‍ പറഞ്ഞേല്‍പ്പിച്ചതാണ് അയാളെ. മുറി പൂട്ടി റോഡില്‍ വന്നപ്പോള്‍ കുട്ടവഞ്ചി കയറ്റിയ ഒരു ഓട്ടോ കിടക്കുന്നു. അതികയറി ഓട്ടോ ഏതോ വഴികളിലൂടെ കുറെദൂരം ഓടി വഴിയുടെ ഇരുവശങ്ങളും കാടാണ്. കുറച്ചുകൂടി ചെന്നപ്പോള്‍ വണ്ടിനിര്‍ത്തി. ഇനികുറച്ച് നടക്കണം. ഓട്ടോ തിരികെപോയി കൂടെയുള്ള ആള്‍ വഞ്ചിയും തലയിലേറ്റി നടന്നു, പുറകെ ഞാനും. 


കുട്ടവഞ്ചി യാത്രാ കാഴ്ച

കാടിനുള്ളില്‍കൂടി കുറച്ചു നടന്നപ്പോള്‍ നദിക്കരയില്‍ ചെന്നു. നദിക്കരയിലെത്തി വഞ്ചിക്കാരന്‍ കുട്ടവഞ്ചി നദിയിലേക്കിട്ടു. ഈ കുട്ടവഞ്ചി തലയിലേറ്റി വന്നതും, വഞ്ചി നദിയിലേക്ക് ഇടുന്നതും കണ്ടപ്പോള്‍, ഈ വഞ്ചിയിലാണല്ലോ കയറെണ്ടതെന്നോര്‍ത്ത് എന്‍റെ ചങ്കില്‍ പാണ്ടിമേളം മുഴങ്ങി. ഈറ്റയും, പ്ലാസ്റ്റിക്ക് ചാക്കും, ടാറും, ഉപയോഗിച്ചാണ് കുട്ടവഞ്ചിയുടെ നിര്‍മ്മിതി. എന്‍റെ മുഖഭാവം കണ്ടിട്ടാകണം വഞ്ചിക്കാരന്‍ ഒന്നും പേടിക്കണ്ടന്നും, അയാള്‍ 18 വര്‍ഷമായി കുട്ടവഞ്ചി തുഴയലാണ് തൊഴിലെന്നും പറഞ്ഞു. ഞാന്‍ എന്തായാലും വഞ്ചിയില്‍ കയറി. പേടി തോന്നിയെങ്കിലും വഞ്ചി നീങ്ങി തുടങ്ങിയപ്പോള്‍ പേടി മാറുകയും, ഇടതൂര്‍ന്ന കാടിനുള്ളിലെ കാട്ടരുവിയില്‍ കൂടിയുള്ള യാത്ര വളരെയധികം ഉന്മേഷപ്രദമായി.


നയനമനോഹരി കാവേരി

കുറച്ചു ചെന്നപ്പോള്‍ പുഴയുടെ ഭാവം മാറി, ശക്ത്തമായ ഒഴുക്കും, ഇടക്കിടെ ഉയര്‍ന്നു നില്‍ക്കുന്ന പാറകൂട്ടങ്ങളും, ഇവയില്‍ തട്ടി പൊങ്ങുന്ന ജലകണങ്ങളും കൂടി ചങ്കിലെ പാണ്ടിമേളം വീണ്ടും ഉച്ചസ്ഥായിലായി. വഞ്ചി ഒഴുക്കില്‍ കയറിയപ്പോള്‍ ശരംവിട്ടത് പോലെയാണ് പായുന്നത്. വഞ്ചിക്കാരന്‍ വഞ്ചി പാറകളില്‍ തട്ടാതെ പങ്കായം കൊണ്ട് കറക്കി മാറ്റിവിടുന്നു. ഞാനാകട്ടെ വഞ്ചിയില്‍ ആവുന്നത്ര മുറുക്കി പിടിച്ചിരിക്കുന്നു. മനസ്സില്‍ കാടുമില്ല, കാട്ടരുവിയുമില്ലാത്ത അവസ്തയായി. പെട്ടെന്ന് പേടിമാറി കാരണം രക്ഷപെടില്ലന്നു ഉറപ്പായി, പിന്നെ പേടിച്ചിട്ടു കാര്യമില്ലല്ലോ. കുറെയേറെ ചെന്നപ്പോള്‍ തടാകം പോലെയുള്ള സ്ഥലത്ത് വഞ്ചി ചെന്നപ്പോളാണ് ശ്യാസം നേരെ വീണത്‌. വഞ്ചി കറങ്ങിത്തിരിഞ്ഞ് പോന്നതിനാല്‍ കുറച്ച്നേരത്തേക്കു എവിടെയാണെന്ന് മനസ്സിലാകാന്‍ കുറച്ചു സമയമെടുത്തു. 


ഹൊഗനക്കല്‍ വെള്ളച്ചാട്ടം

ഞാന്‍ വഞ്ചിക്കാരനെ നോക്കി, വഞ്ചിക്കാരന്‍ ഇരുന്ന് ചിരിക്കുന്നു. പുഴയുടെ നടുക്കും, അയാള്‍വേണമല്ലോ കരക്കെത്തിക്കാന്‍ അതുകൊണ്ട് മാത്രം ഞാന്‍ ആ ചിരികണ്ടില്ലെന്നുവച്ചു. ഇനി ഒഴുക്കുള്ള സ്ഥലമില്ല അതുകൊണ്ട് പേടിക്കണ്ട എന്ന് അയാള്‍. എന്തായാലും ജീവന്‍ തിരിച്ചു കിട്ടിയാലുണ്ടാകുന്ന സന്തോഷമുണ്ടല്ലോ അതൊന്നു വേറെതന്നെയാണ്‌. വഞ്ചി പതുക്കെപ്പതുക്കെ മുന്നോട്ടുപോയി. പേടിമാറി ചുറ്റുപാടും ശ്രദ്ധിച്ചപ്പോള്‍ അവിസ്മരണീയമായ കാഴ്ചയാണ് കാണുക. കുറച്ചു മുമ്പു കണ്ട സംഹാരരുദ്രയായ നദിയേഅല്ല, ഒഴുക്കില്ലാതെ ശാന്തമായ തടാകം പോലുള്ള നദിയാണ് കാണുക. കാടിനുള്ളില്‍ പലതരം പക്ഷി കളുടെ പാട്ടുകേട്ട്, ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ ഇങ്ങനെ ഒഴുകി നടക്കുക. ഈയൊരനുഭവം ജീവിതകാലം മുഴുവന്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും.


ഹൊഗനക്കല്‍ വെള്ളച്ചാട്ടം

എവിടെ നോക്കിയാലും കാടിന്റെ പച്ചപ്പും, കാട്ടുമരങ്ങള്‍ക്കിടയിലൂടെയുള്ള പ്രഭാതകിരണങ്ങളുടെ ഭംഗിയും, നദിയുടെ കളകളാരവങ്ങളും, പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല അനുഭവിച്ച്തന്നെ അറിയണം. അറിയാതെ പാടിപോകും, " ഈ മനോഹര തീരത്ത്‌ തരുമോ ഇനിയൊരു ജന്മം കൂടി.. എനിക്കിനിയൊരു ജന്മം കൂടി " . കട്ടാനകൂട്ടങ്ങളെ പോലെ അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന പാറകൂട്ടങ്ങള്‍ ഒരതിശയ കാഴ്ച തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതാണ് ഇവിടുത്തെ കാര്‍ബണെറ്റു പാറകള്‍.വഞ്ചി വെള്ളച്ചാട്ടത്തിനടുത്ത് എത്തിയിരിക്കുന്നു. ഇവിടുത്തെ പ്രധാനപ്പെട്ട ഒരു വിനോദ പരിപാടിയാണ് ഔഷധക്കുളി. 


കുട്ടവഞ്ചി

നദിക്കരയിലുള്ള തുറസ്സായ പാറപ്പുറങ്ങളില്‍, നാട്ടുവൈദ്യര്‍ ഒരു തൈലം പുരട്ടി ശരീരമാകെ ഉഴിയുന്നു. കുറച്ച് വിശ്രമിച്ചതിനു ശേഷം നദിയില്‍ കുളിക്കുന്നു. കാവേരി നദീജലം ഔഷധഗുണമുള്ളതാണ് എന്നു പറയപ്പെടുന്നു. കാവേരി നദി ഒഴുകിവന്ന് പെട്ടന്ന് അഗാധമായ ഗര്‍ത്തത്തിലേക്ക് പതിക്കുന്നു, ഇതാണ് ഹൊഗനക്കല്‍ വെള്ളച്ചാട്ടം. വഞ്ചി വെള്ളച്ചാട്ടത്തിനടുത്തുള്ള കരയില്‍ നിര്‍ത്തി. കുറച്ചു നടന്നാല്‍ വെള്ളച്ചാട്ടം കാണാം. വെള്ളച്ചാട്ടം ശരിക്കും കാണുന്നതിനു ഒരു പ്ലാറ്റ്ഫോം കെട്ടിയിട്ടുണ്ട്, അവിടെ നിന്നാല്‍ പലവഴികളായി ജലം താഴേക്ക് പതിച്ച്, നുരയും, പതയുമായി താഴെ ഗര്‍ത്തത്തില്‍ വീണ് ഒഴുകുന്ന കാഴ്ച അവിസ്മരണീയമാണ്. 


വെള്ളച്ചാട്ടത്തിലേക്കുള്ള പാലം

വീഴ്ച്ചയുടെ ശക്ത്തിയാല്‍ ഉയരുന്ന ജലകണങ്ങള്‍ പുകപോലെ പൊങ്ങി അലയടിക്കുന്നു, ഇവയില്‍ സൂര്യകിരങ്ങള്‍ ഏഴഴകുവിടര്‍ത്തുന്നു. ഒരു മായാജാല കാഴ്ചയാണ് ഹൊഗനക്കല്‍ വെള്ളച്ചാട്ടം. കുറെ ദൂരെനിന്നു നോക്കിയാല്‍ വെള്ളച്ചാട്ടം കാണുകയില്ല പകരം ഉയര്‍ന്നുപൊങ്ങുന്ന പുകമാത്രം കാണുന്നു. ആയതിനാല്‍ ഇവിടുത്തുകാര്‍ പുകവലിക്കുന്ന പാറകള്‍ എന്നും ഇതിനെ പറയുന്നു. വഞ്ചിക്കാരനെ പറഞ്ഞുവിട്ട് ഒരു കുളിയും കഴിഞ്ഞ് റൂമില്‍ ചെന്നു കെട്ടുമുറുക്കി, ആധുനിക ലോകത്തിന്‍റെ കഥയറിയാതെ, അതോ അറിഞ്ഞില്ലെന്ന് നടിച്ചോ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെയും അവര്‍ ജീവിക്കുന്ന എല്ലാം തരുന്ന കാടിനോടും ഞാന്‍ എന്റെ രഥത്തില്‍ കയറി യാത്രാ മൊഴിചൊല്ലി....

Ashok S P Jan-30- 2019 18