ഒരു തായിലന്‍റെ യാത്ര;;;;;;ഭാഗം 7.......

സഫാരി പാര്‍ക്ക് ഇതൊരു അനുഭവമാണ് നമ്മള്‍ വാഹനമെന്ന കൂട്ടിലും വന്യജീവികള്‍ക്ക്‌ സ്യര്യവിഹാരവും. നമ്മുടെ വാഹനത്തിലോ സഫാരി പാര്‍ക്കിന്‍റെ വണ്ടി വടകക്കെടുത്തോ നമുക്ക് പോകാം. ഒരു കാരണവശാലും വാഹനത്തില്‍ നിന്നും പുറത്തിറങ്ങുവാനോ, വാഹനത്തിന്‍റെ വിന്‍റ്റോ ഗ്ലാസ്സ് താഴ്ത്തുവാനോ പാടില്ല. നമ്മള്‍ പോകുന്ന വഴിയിലും, വഴിയുടെ വശങ്ങളിലുമായി അനവധി പക്ഷിമൃഗാദികള്‍ സ്വര്യവിഹാരം നടത്തുന്നു. ഇടക്കിടക്കുള്ള മനോഹരമായ തടാകത്തില്‍ അനവധി പക്ഷികള്‍ കലമ്പല്‍കൂട്ടുന്ന കാഴ്ച നയനമനോഹരമാണ്.


സഫാരിപാര്‍ക്ക് മാപ്പ്.

 വൃക്ഷങ്ങളില്‍ കലമ്പല്‍ കൂട്ടുന്ന വാനരന്‍മ്മാരും, വാഹനത്തെ മിഴിച്ച്നോക്കുന്ന കരടികളും, മൈതാനത്ത് മേയുന്ന വരയന്‍കുതിരകളും, ഇവക്കിടയിലൂടെ തുള്ളിനടക്കുന്ന മൈലുകളും, നമുക്ക് കാഴ്ചകളുടെ ഉത്സവമൊരുക്കുന്നു. ഇടക്ക് വളച്ചുകെട്ടിതിരിച്ച ഇടങ്ങളില്‍ കണ്ടാമൃഗങ്ങളും, കാട്ടുപോത്തുകളും വിലസുന്നു. എല്ലാം കൂടി ഡിസ്കവറി ചാനല്‍ കാണുന്ന പ്രതീതി. പച്ചപുതച്ച മൈതാനങ്ങളും, ചതുപ്പ്നിലങ്ങളും, ഇടതൂര്‍ന്ന കാട്ടുമരങ്ങളും, ഇവക്കിടയിലൂടെ തെന്നിമാറയുന്ന കാട്ടുമൃഗങ്ങളും കണ്ടാലും കണ്ടാലും മതിവരില്ല. കുറയേറെ ചെന്നപ്പോള്‍ ഒരു ഇലട്രിക് ഗേറ്റ് തനിയെ തുറന്നു. ഇതിനുള്ളിലാണ് കാടിന്റെ നായകനായ സിംഹങ്ങള്‍ ഉള്ളത്. നമ്മുടെ വാഹനം ഗെയിറ്റില്‍ ചെല്ലുമ്പോള്‍ ക്യാമറയുടെ സഹായത്താലാണ് ഗെയിറ്റ് തുറക്കുന്നത്. നമ്മള്‍ ചെല്ലുന്ന സമയത്ത് സമീപത്ത് സിംഹങ്ങള്‍ ഉണ്ടെങ്കില്‍ അവഅവിടുന്ന് മറിയിട്ടേ ഗെയിറ്റ് തുറക്കുകയുള്ളൂ. ഗെയിറ്റ് കടന്ന് കുറച്ചുചെന്നപ്പോള്‍ ഒരു തടാകകരയിലുള്ള വലിയ പാറപ്പുറത്ത് സകലപ്രതാപത്തോടും കൂടി, അടുത്തുകൂടി പോകുന്ന ഞങ്ങളെ പുച്ഛത്തോടെ നോക്കി തലയുയര്‍ത്തി അങ്ങനെ കിടക്കുന്നു കാട്ടുനായകന്മാര്‍. ഇതൊരു സ്വപ്നകാഴ്ചയല്ലാ എന്ന് തിരിച്ചറിയാന്‍ കുറച്ചു സമയമെടുത്തു.


പാര്‍ക്ക് കാഴ്ച.

കാനനപശ്ചാത്തലത്തില്‍ അവയുടെ ഗാംഭീര്യം അവര്‍ണ്ണനീയമാണ്. മൃഗരാജസന്നിധിയില്‍നിന്നും കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ കാഞ്ചിപുരം പട്ടു പുതച്ചതുപോല്‍ സൂര്യപ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്ന കടുവകൂട്ടങ്ങളുടെ കാഴ്ച ഒരിക്കലും മറക്കില്ല. സിംഹങ്ങളുടെ ഗാംഭീര്യമാണോ, കടുവകളുടെ ലഹരിപിടിപ്പിക്കുന്ന ആഴകാണോ നല്ല കാഴ്ച എന്ന് ചോദിച്ചാല്‍ എനിക്ക് ഒന്നാലോചിക്കണ്ടിവരും മറുപടിപറയാന്‍. കടുവകളെ മറികടന്ന് കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ സഫാരിവേള്‍ഡിന്‍റെ അതിര്‍ത്തിയായി ഈ വനകാഴ്ച ഇത്ര പെട്ടന്നവസാനിച്ചതിന്‍റെ നിരാശയോടെ സഫാരിവേള്‍ഡിന്‍റെ ഗയിറ്റടയുന്നതിനു മുന്‍മ്പ് ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി മറക്കാനാവാത്ത ഒരു ജംഗിള്‍ സഫാരിയുടെ ഓര്‍മ്മയുമായി തിരക്കേറിയ ബാങ്ക്കൊക്കിലേക്ക്.


പാര്‍ക്കിലെ സിംഹങ്ങള്‍.

ബാങ്ക്കൊക്കില്‍ എത്തിയപ്പോള്‍ നേരം വൈകിയിരുന്നു. ഇന്നു രാത്രിയും കൂടിയെ ബാങ്ക്കൊക്കില്‍ ഉണ്ടാവുകയുള്ളൂ. നാളെ രാവിലെ രണ്ട് ക്ഷേത്രങ്ങളും കുറച്ചു സിറ്റികാഴ്ചയും വൈകുന്നേരത്തെ ഫ്ലയിറ്റില്‍ നാട്ടിലേക്ക്. ഇന്നു ഉറങ്ങുന്നവരെ സിറ്റിയില്‍ കറങ്ങിതിരിയാനാണ് പരിപാടി. ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബാങ്കോക്ക്. റോയൽ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും നിരവധി മ്യൂസിയങ്ങളുമുണ്ട്. ചരിത്രപരവും സാംസ്കാരികവുമായ വിനോദസഞ്ചാര ആകർഷണങ്ങൾ ഇവിടെയുണ്ട്. 


പാര്‍ക്കിലെ കടുവകൂട്ടങ്ങള്‍.


ഷോപ്പിംഗ്, ഡൈനിംഗ് അനുഭവങ്ങൾ ബാങ്കോക്ക് യാത്രയില്‍ ചിലതുമാത്രം. ബാങ്കോക്കിലെ സംസ്ക്കാരത്തിന് തായ്ലൻഡിന്‍റെ സമ്പന്നതയും ആധുനികവത്കരണവും ആവുവോളം ഉണ്ടെങ്കിലും പരമ്പരാഗത തായ് സംസ്കാരങ്ങളും, വാസ്തുവിദ്യയും പിന്തുടരാന്‍ ഇവര്‍ പരമാവധി ശ്രമിക്കുന്നു. ആഘോഷരാത്രിദിനങ്ങള്‍ക്ക്‌ ഈ നഗരം പ്രശസ്തമാണ്. ബാങ്കോക്കിലെ സെക്സ് ടൂറിസം വിദേശികൾക്ക് പരിചയമുള്ളതാണെങ്കിലും, ബാങ്ക്കൊക്കിലെ നാട്ടുകാരും സര്‍ക്കാരും ഇത് പരസ്യമായി അംഗീകരിച്ചിട്ടില്ല. 


ബാങ്കോക്ക് കാഴ്ച.


രണ്ടുമൂന്നു ദിവസംവേണം ബാങ്ക്കൊക്ക് ഒരുമാതിരി കണ്ടു തീര്‍ക്കാന്‍. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്ത്യങ്ങള്‍ കഴിഞ്ഞ് ബാഗും തൂകി ഹോട്ടലില്‍ നിന്നും പുറത്തുചാടി. തലേന്നുപറഞ്ഞിരുന്ന വണ്ടിയികയറി ചൈനാ ടൗണിന്‍റെ ഒരറ്റത്തുള്ള പ്രസിദ്ധമായ വാട്ട് ട്രമിമിറ്റ് ഗോൾഡൻ ബുദ്ധന്റെ ക്ഷേത്രം കാണുവാന്‍ പോയി. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണബുദ്ധപ്രതിമയുള്ള ക്ഷേത്രമാണ് വാട് ട്രേമിറ്റ് ഗോൾഡൻ ബുദ്ധന്റെ ക്ഷേത്രം. മൂന്ന് മീറ്റര്‍ ഉയരവും, അഞ്ചര ടണ്ണിന്‍റെ തൂക്കവും പതിനെട്ട് ക്യാരറ്റ് ശുദ്ധമായ സ്വർണ്ണവും കൊണ്ട് നിര്‍മ്മിച്ച അമൂല്യമായ ഈ പ്രതിമക്ക് ലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്നു. മുകളിലേക്ക് അനേകം പടികളുള്ള ക്ഷേത്രം കാഴ്ചക്കും വളരെയധികം മനോഹരമാണ്. 


 വാട് ട്രേമിറ്റ് ഗോൾഡൻ ബുദ്ധന്റെ ക്ഷേത്രം.


ഭക്തിനിഭരമായ ക്ഷേത്രത്തിനുള്ളില്‍ വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന ഈ സുവർണ്ണ ബുദ്ധ പ്രതിമയില്‍ നിന്നും കണ്ണെടുക്കാന്‍ കഴിയില്ല. ഇതിന്‍റെ ഉത്ഭവത്തെകുറിച്ച് അറിവില്ലെങ്കിലും ഏകദേശം 800 വര്‍ഷത്തിനുമേല്‍ പഴക്കം പറയപ്പെടുന്നു. പണ്ടിത് ശത്രുക്കളില്‍ നിന്നും മറക്കുവാന്‍ ഒരുതരം ചുണ്ണാമ്പുമണ്ണില്‍ പൊതിഞ്ഞിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ ക്ഷേത്രസമുച്ചയം നിര്‍മ്മിക്കുവാന്‍ വേണ്ടി പ്രതിമ മാറ്റിയപ്പോള്‍ താഴെവീണ് പ്രതിമയുടെ ഒരു വശം പൊട്ടുകയും, പൊട്ടിയ വശത്തിനുള്ളിലായി സുവർണ്ണ പ്രതിമ കാണുകയുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. മൂന്നുനിലകലുള്ള ഈ ക്ഷേത്രത്തിന്‍റെ മുകളിലത്തെ നിലയിലാണ് സ്വര്‍ണ്ണബുദ്ധപ്രതിമ. താഴെയുള്ള രണ്ടു നിലകളിലായി ഒന്നില്‍ ബാങ്കോക്കിലെ ചൈനീസ് സമൂഹത്തിന്റെ ചരിത്രം ഉൾക്കൊള്ളുന്നു, 


സ്വര്‍ണ്ണബുദ്ധപ്രതിമ.

മറ്റൊന്നില്‍ സുവർണ ബുദ്ധപ്രതിമയുടെ ചരിത്രം ഉൾക്കൊള്ളുന്നു. തുടക്കത്തിൽ തന്നെ വീഡിയോ അവതരണം ശ്രീബുദ്ധൻറെ ചിത്രങ്ങളിൽ ഒരു ചെറിയ പശ്ചാത്തലവും വിവരിക്കുന്നു. ഇവിടെ പ്രതിമയുടെ പുറത്ത് ആവരണം ചെയ്യ്തിരുന്ന പ്ലാസ്റ്ററിന്‍റെ കഷണങ്ങള്‍ പ്രദര്‍ശ്ശിപ്പിച്ചിരിക്കുന്നു. തിങ്കളാഴ്ച ഒഴികെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ക്ഷേത്ര സമുച്ചയം തുറന്നിരിക്കും. ക്ഷേത്ര സമുച്ചയത്തിൽ പ്രവേശനഫീസ്‌ ഒരാള്‍ക്ക് 100 ബത്ത് ആണ്. ശാന്തസുന്ദരമായ സ്വര്‍ണ്ണശ്രീബുദ്ധനെ ഒരിക്കല്‍ക്കൂടി വണങ്ങി, ഇവിടെനിന്നും ചാവോ പ്രയാ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ബുദ്ധക്ഷേത്രസമുച്ചയമായ വാട്ട് ഇന്ദ്രാവാവിൻ [ സ്റ്റാൻഡിംഗ് ബുദ്ധ ] കാണുവാന്‍ പോയി. സ്റ്റാൻഡിംഗ് ബുദ്ധയുടെ വിശേഷങ്ങള്‍ അടുത്ത ഭാഗത്ത്;;;;;


...

Ashok S P Aug-14- 2018 65