ഒരു തായിലന്‍റെ യാത്ര;;;;;;ഭാഗം 5 ...

റിവര്‍സിറ്റി ചാവോഫ്രയ നദിക്കരയിലെ വിസ്മയ കാഴ്ച. നാലുനിലകളുള്ള ഷോപ്പിംഗ് മാളാണ് റിവര്‍സിറ്റി. പുരാവസ്തുക്കള്‍, അപൂര്‍വ്വമായ ബുദ്ധചിത്രങ്ങള്‍, പുരാതന പെയിന്‍റ് ചെയ്ത കളിമണ്‍ശില്പങ്ങളും, പാത്രങ്ങളും, ആഭരണങ്ങള്‍, ശില്‍പ്പങ്ങള്‍, അനവധി ഹോട്ടലുകള്‍, കഫേകള്‍, എന്നുവേണ്ട ഇല്ലാത്തതൊന്നുമില്ല ഇവിടെ. ഓരോ ഷോപ്പും ഓരോ അത്ഭുതകാഴ്ചകളാണ്. മാളിലേക്ക് സ്വാഗതം ചെയ്യാന്‍ പരമ്പരാഗത തായ് വസ്ത്രങ്ങള്‍ അണിഞ്ഞ് തായ് സുന്ദരികള്‍ നില്‍ക്കുന്നു. തലയില്‍ കിരീടവും, കൈയ്യില്‍ പൂക്കൂടയും മനോഹരപുഞ്ചിരിയുമായി നമ്മേ വരവേല്‍ക്കുന്നു. ഇവരുടെ കൂടെനിന്ന് ഫോട്ടോകള്‍ എടുക്കുന്ന സഞ്ചാരികളെ വകഞ്ഞുമാറ്റി ഞാന്‍ മാളിനകത്തേക്ക് നടന്നു.റിവര്‍സിറ്റി.

താഴുത്തെനിലമുഴുവനും വസ്ത്രങ്ങളുടെ മായാപ്രപഞ്ചമാണ് ഇവക്കിടയിലൂടെ മുകളിലുത്തെ നിലയിലേക്ക് കയറി. രണ്ടാമത്തെ നിലയില്‍ പുരാവസ്തുക്കള്‍, ആഭരണശാലകള്‍, ആര്‍ട്ട്‌വര്‍ക്കുകള്‍, അനേകരാജ്യങ്ങളിലെ പുരാവസ്തുക്കള്‍, ആഭരണങ്ങള്‍, പഴയകാല മാപ്പുകള്‍, ചരിത്രരേഖകള്‍ എന്നിങ്ങനെയുള്ള കണ്ടാലും കണ്ടാലും മതിവരാത്തത്ര കാഴ്ചകളാണ് എവിടേയും. ഇവിടുത്തെ ആര്‍ട്ട്‌ഗ്യാലറി വളരെയധികം മനോഹരമായാണ് രൂപകല്‍പ്പന ചെയിതിരിക്കുന്നത്. ഓരോ ആര്‍ട്ട്‌വര്‍ക്കുകളുടേയും വിലകണ്ടാല്‍ ഞെട്ടിപോകും. ഇതെല്ലാം ഒന്നോടിച്ചുകണ്ട് ഞാന്‍ ക്രൂയിസ് നില്‍ക്കുന്ന ഭാഗത്തെക്ക് നടന്നു. റിവര്‍സിറ്റിയില്‍ നിന്നാണ് ക്രൂയിസ് പുറപ്പെടുന്നത്. ഒരാള്‍ക്ക് 1560 ഇന്ത്യന്‍ രൂപയാണ് ചാര്‍ജ്. 


റിവര്‍സിറ്റി.

ക്രൂയിസ് നില്‍ക്കുന്നിടത്തേക്ക് ചെന്നപ്പോള്‍ ഒരു ഉത്സവത്തിനുള്ള ആളുണ്ട് നദിക്കരയില്‍. നദിയിലാകെ ദീപങ്ങളാല്‍ അലങ്കരിച്ച കപ്പലുകള്‍ കിടക്കുന്നു. ഒരുകപ്പല്‍ അടുത്ത് അതില്‍ ആളുകള്‍ കയറുന്നു. എനിക്കുള്ള കപ്പല്‍ വന്നില്ല. നദിമുഴുവന്‍ രാത്രിദീപങ്ങളുടെ വര്‍ണ്ണപ്രഭയാല്‍ കുളിച്ചുകിടക്കുന്നു. ആളുകള്‍ കയറിയ കപ്പലുകള്‍ പാട്ടുംമേളവുമായി പതിയെ നദിയിലേക്ക് നീങ്ങുന്നു. കുറച്ചുകഴിഞ്ഞ് എനിക്കുള്ള കപ്പല്‍ അടുത്തു. ടിക്കറ്റ് കാണിച്ചു ഞാന്‍ അകത്തുകടന്നു. കപ്പലിന് രണ്ടുനിലകളാണ് ഉള്ളത്. ഞാന്‍ ഡെക്കിലേക്ക് നടന്നു. എവിടെയും ബഹളമയമാണ് ഡക്കില്‍ ഡിന്നറിനുള്ള ഭക്ഷണങ്ങള്‍ മനോഹരമായി ഒരുക്കി വച്ചിരിക്കുന്നു ബൊഫെ സിസ്റ്റമാണ്.


റിവര്‍സിറ്റി.

ടിക്കറ്റില്‍ നമുക്കിരിക്കാനുള്ള ടേബിള്‍ നമ്പര്‍ ഉണ്ടാകും ഭക്ഷണമെടുത്തു അവിടെ പോയിരുന്ന് കഴിക്കാം. രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെയാണ് ക്രൂയിസ് ഡിന്നര്‍ സമയം. ഞാന്‍ കയറിയ കപ്പല്‍ പതുക്കെ നദിയിലേക്ക് നീങ്ങിതുടങ്ങി. ഡക്കില്‍ നിറയെ യാത്രക്കാരാണ് പ്രൊഫഷണല്‍ ഗായകരുടെ സംഗീത അകമ്പടിയോടെ കപ്പല്‍ പതുക്കെപ്പതുക്കെ നദിയിലൂടെ നീങ്ങി തുടങ്ങി. ആഡംബരപൂര്‍ണ്ണമായ ഈ ഡിന്നര്‍ ക്രൂയിസ് ടൂര്‍ ബാങ്ക്കൊക്കിലെ പ്രധാനപ്പെട്ട ഒരു ടൂര്‍ ആഹര്‍ഷണമാണ്.


ക്രൂയിസ്.

ഡക്കിന്‍റെ ഒരുവശത്ത് ഒരു ബാര്‍ പ്രവര്‍ത്തിക്കുന്നു. ബാറിലെ ബില്ല് നമ്മള്‍ വേറെ കൊടുക്കണം. ചാവോഫ്രയ നദിക്കരയിലെ അത്ഭുതങ്ങള്‍ കാണുവാനും ഫോട്ടോകള്‍ എടുക്കുവാനും വേണ്ടി ഞാന്‍ ഡക്കില്‍കൂടി കപ്പലിന്‍റെ മുന്‍വശത്ത്‌ ചെന്ന് നിന്നു. നദികരകളില്‍ നക്ഷ്ത്രങ്ങള്‍ വാരിവിതറിയതു പോലെയുള്ള കാഴ്ച വളരെയധികം മനോഹരമാണ്. കാഴ്ചകളിലെ പ്രധാനി ബാങ്ക്കൊക്കിന്‍റെ ലാന്‍റ്മാര്‍ക്കായ ഗ്രാന്‍റ്പാലസ് തന്നെ. ലൈറ്റുകളില്‍ കുളിച്ചു നില്‍ക്കുന്ന ഗ്രാന്‍റ്പാലസ്സിന്റെ കാഴ്ച ഒന്നുമാത്രം മതി ഈ യാത്ര സഫലമാകാന്‍. കപ്പല്‍ ഡക്കില്‍ നിന്ന് ബാങ്ക്കൊക്കിന്‍റെ രാത്രികാഴ്ച അവിസ്മരണീയമാണ്.


ക്രൂയിസിലെ സംഗീതപരിപാടി.

ദീപങ്ങളാല്‍ സ്വര്‍ണ്ണനൂലുകള്‍ പാകിയ രാമ കേബിള്‍ പാലം നമുക്ക് മറ്റൊരു കാഴ്ചവിസ്മയമാകുന്നു. കപ്പലില്‍ ഡിന്നര്‍ പൊടിപൊടിക്കുന്നു. തായ് കലാകാരന്‍ മാര്‍ക്കൊപ്പം ആടിപാടി ആഘോഷിക്കുകയാണ് ടൂറിസ്റ്റുകള്‍. ഭാഷദേശാന്തര വ്യത്യാസമില്ലാതെ ഇപ്പോള്‍ കണ്ട്പരിചയപ്പെട്ട് സുഹൃത്തുക്കളായവരാണിവര്‍. ഇവരാണ് ഇപ്പോള്‍ വളരെക്കാലത്തെ സുഹൃത്തുക്കളെ പോലെയോ ബന്ധുക്കളെ പോലയോ ഒന്നിച്ച് ആടിപാടുന്നത്. 


ക്രൂയിസിലെ ഡിന്നര്‍.

യാത്രികര്‍ക്ക് മാത്രം കിട്ടുന്നതാണീ സൗഹൃതമനസ്സും ബന്ധങ്ങളും എന്നാണു എനിക്ക് തോന്നുന്നത്. കാണാത്ത നാടുകളിലേക്ക്;; കാണാത്ത സൗഹൃദയങ്ങളിലേക്ക് ;; യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കണം കാലങ്ങളോളം;;. ചാവോഫ്ര നദിക്കരയിലെ തണുത്ത കാറ്റും, നദിക്കരയിലെ നക്ഷ്ത്രനഗരകാഴ്ചകളും കണ്ടുകൊണ്ടുള്ള ഈ ക്രൂയിസ് ഡിന്നര്‍ ഒരനുഭവം തന്നെയാണ്. 


രാമ കേബിള്‍ പാലം.

ഞാന്‍ കയറിയ ഈ കപ്പലില്‍ പകുതിയില്‍ കൂടുതല്‍ ഇന്ത്യക്കാരാണ്. അതിനാലാകാം പാട്ടുകളും, ഡാന്‍സുകളും, കൂടുതലും ഹിന്ദിയിലായിരുന്നു കൂടെ തായ് നൃത്തങ്ങളും, സംഗീതവും. കാഴ്ചകളുടെയും, ആഘോഷങ്ങളുടെയും തിരക്കില്‍ രണ്ടു രണ്ടര മണികൂര്‍ കടന്നുപോയതറിഞ്ഞില്ല. കപ്പല്‍ തിരികെ റിവര്‍സിറ്റിയില്‍ എത്തി. കപ്പലില്‍ നിന്നും ഇറങ്ങി തിരിഞ്ഞു നോക്കിയപ്പോള്‍ പൂരം കഴിഞ്ഞ അമ്പല പറമ്പു പോലെ ക്രൂയിസ്;;;;;;;;;;;;
...

Admin Apr-19- 2018 87