ഒരു തായിലന്‍റെ യാത്ര;;;;;;ഭാഗം 4;;

തായിലന്റെ എന്ന മനോഹര നാടിന്‍റെ കലാസാംസ്കാരിക പാരമ്പര്യങ്ങളും, ജീവിത കാഴ്ചകളും ഏക്രളോളം പരന്നുകിടക്കുന്ന പ്രകൃതിരമണീയതയുമായി യോജിപ്പിച്ച് നമ്മെ കാഴ്ചകളുടെ അത്ഭുതലോകത്തിക്ക് കൂട്ടികൊണ്ട് പോകുന്ന മനുഷ്യനിര്‍മ്മിതവിസ്മയമാണ് നോങ് നോച്ച് വില്ലേജ്. ബട്ടര്‍ഫ്ലൈകുന്ന്.

കഴിഞ്ഞ ഭാഗത്ത് എലിഫന്റ് ഷോയിലാണ് വിവരണം നിര്‍ത്തിയത്. ഭക്ഷണം കഴിഞ്ഞ് നോങ് നോച്ച് വില്ലേജ് ഓടിച്ചു കാണുവാന്‍ തീരുമാനിച്ചു. ശരിക്കും കാണണമെങ്കില്‍ ഒന്നരദിവസമെങ്കിലും വേണം. പറഞ്ഞറിയിക്കുവാന്‍ കഴിയാത്തത്ര കാഴ്ചകളുടെ ധാരാളിത്തമാണ് നോങ് നോച്ച് വില്ലേജ്. ബട്ടര്‍ഫ്ലൈകുന്ന്, ടോപ്പോറിക് തോട്ടങ്ങള്‍, മുള്‍ചെടിഉദ്യാനം, അപൂര്‍വ്വവും മനോഹരരവുമായ ഓര്‍ക്കിഡ് ഉദ്യാനം, ഓര്‍ക്കിഡ് നേഷ്സറി, പക്ഷിസങ്കേതങ്ങള്‍, മൃഗശാല, ദിനോസര്‍വാലി, ബോണസായി ടോപ്പോറിയല്‍ ഗാഡന്‍, ഫ്രഞ്ച്ഗാഡന്‍, ആയിരത്തിലധികം പനമരങ്ങളുടെ ഉദ്യാനം, എന്നിങ്ങനെ പോകുന്നു കാഴ്ചകളുടെ നീണ്ടനിര. 


ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാഡന്‍.

വിവിധ വര്‍ണ്ണങ്ങളിലുള്ള പൂച്ചെടികളാല്‍ ബട്ടര്‍ഫ്ലൈ കുന്നില്‍ കൂടി ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാഡനിലേക്ക്. എങ്ങും നില്‍കാതെ കാഴ്ചകള്‍ കാണുകയും കൂടെ ഫോട്ടോകള്‍ എടുക്കുകയും വേണം അതിനുള്ള സമയമേഉള്ളൂ. ബട്ടര്‍ഫ്ലൈ കുന്നില്‍ കൂടി ബോട്ടാണിക്കല്‍ ഗാഡനിലേക്കുള്ള വഴികളില്‍ മുഴുവനും പലതരം ഉറുമ്പുകളുടെയും, വണ്ടുകളുടെയും മെറ്റല്‍ രൂപങ്ങള്‍ ചെടികളിലും, വള്ളികളിലും വച്ചിരിക്കുന്നു. ജീവനുള്ളവയെ വെല്ലുന്ന കലാസൃഷ്ടികളാണ് എല്ലാം.  കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോള്‍ വര്‍ണ്ണാതീതഭംഗിയോടെ ബോട്ടാണിക്കല്‍ ഗാഡന്‍. ദിനോസര്‍ യുഗത്തിലെ ജീവികളുടെ ശില്‍പ്പങ്ങള്‍ ബോട്ടാണിക്കല്‍ ഗാഡനിലെ പല സ്ഥലങ്ങളിലായി ആകാശത്തിലേക്ക് തലഉയര്‍ത്തി നില്‍ക്കുന്നു. 


 യൂറോപ്പ്യന്‍ ഉദ്യാനം.

ദൂരെ കുന്നുകളാല്‍ കോട്ടതീര്‍ക്കുന്ന ഈ സ്ഥലം ശരിക്കും സ്വര്‍ഗ്ഗീയഭൂമിയാണ്. യൂറോപ്പ്യന്‍ ഉദ്യാനം കണ്ടാലും കണ്ടാലും മതിയാവില്ല. ഇവിടെയുള്ള വ്യൂപോയന്‍റില്‍ നിന്നും നോക്കിയാല്‍ കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പും ഈ പച്ചപ്പിനു അതിരുതീര്‍ക്കുന്ന കുന്നുകളും തെളിഞ്ഞ ആകാശ നീലിമയിലേക്ക് ഇടക്കിടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ദിനോസര്‍ രൂപങ്ങളും, എല്ലാംകൂടി ഒരു കാല്‍പ്പനിക ലോകത്ത് ചെന്ന പ്രതീതി. സമയകുറവിനെ ശപിച്ചുകൊണ്ട് ദിനോസര്‍ പാര്‍ക്കും, മുഗള്‍ഗാഡനും ഓടിനടന്നു കണ്ട് മറ്റു കാഴ്ച്ചകള്‍ കണ്ടില്ലന്നു നടിച്ച് വീണ്ടുംവീണ്ടും തിരിഞ്ഞുനോക്കി  നോങ് നോച്ച് വില്ലേജിന്‍റെ പടിയിറങ്ങി.


ദിനോസര്‍ യുഗത്തിലെ ജീവികളുടെ ശില്‍പ്പങ്ങള്‍ .

ഇനി ബാങ്കോക്കിലേക്ക്. ബാങ്കോക്കില്‍ രാത്രി ഭക്ഷണം ക്രൂയിസിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നോങ് നോച്ച് വില്ലേജില്‍ നിന്നും ഏകദേശം 150 k, m ആണ് ബാങ്കോക്കിലെ റിവര്‍ സിറ്റിയിലേക്ക്. അവിടെനിന്നാണ് ക്രൂയിസ്സ്ഡിന്നറിനു ക്രൂയിസ്സ് സ്റ്റാര്‍ട്ട്‌ ചെയ്യുന്നത്. വിശാലവും, മനോഹരവുമായ റോഡില്‍കൂടിയുള്ള യാത്ര വളരെയധികം സുഖകരമായിരുന്നു. ഇടക്ക്  മനോഹരമായ ഒരു കെട്ടിടത്തിനടുത്ത്‌ വണ്ടി നിര്‍ത്തി.


നോങ് നോച്ച് വില്ലേജ് കാഴ്ച.

ഹൈവേ യാത്രയില്‍ യാത്രക്കാര്‍ക്ക് പ്രാധമികാവശ്യങ്ങള്‍ക്കുള്ളതാണിത്. മനോഹരമായ പൂന്തോട്ടവും, വിശ്രമിക്കുവാനായി കുറെ കസേരകളും, ഒരു ചെറിയ കഫേയുമായി മനോഹര സ്ഥലം. കുറച്ചുനേരം അവിടെ വിശ്രമിച്ച് വീണ്ടും യാത്ര തുടര്‍ന്നു. ഒരുമണിക്കൂര്‍ കൂടിയുള്ള യാത്രാവസാനത്തില്‍ സഞ്ചാരികളുടെ മയാമോഹിനിയായ ബാങ്കോക്കിലെത്തി. ആധുനികതയും, പാരമ്പര്യവും കൂടിച്ചേര്‍ന്ന ബാങ്കോക്കിനെ കിഴക്കന്‍ വെന്നീസ്സ് എന്നും അറിയപ്പെടുന്നു. നമ്മുടെ ഏതു ബഡ്ജറ്റിലും കാണുവാന്‍ കഴിയുന്ന മഹാനഗരം. രുചി വൈവിധ്യം പകരുന്ന ആഹര്‍ഷകമായ റസ്റ്റോറണ്ടുകളും, മനസ്സിനും, ശരീരത്തിനും ഉന്മേഷം പകരുന്ന അനേകം വിനോദസഞ്ചാരങ്ങളും, ബീച്ചുകളും, നമ്മെ വിസ്മയിപ്പിക്കുന്ന ബുദ്ധക്ഷേത്രങ്ങളും, ഉല്ലാസഭരിതമായ രാത്രി ജീവിതവും, ആകാശങ്ങളിലെ നക്ഷ്ത്രങ്ങള്‍ ഭൂമിയില്‍ ഇറങ്ങി വന്നതുപോലുള്ള രാത്രി കാഴ്ചകളും കൂടിയായാല്‍ ബാങ്കോക്കായി. 


പട്ടായ ബാങ്കോക്ക് റോഡ്‌.

സംഗീതോല്ലാസ്സത്തിന്‍റെയും, വാരിവിതറിയതുപോലുള്ള വര്‍ണ്ണങ്ങളുടെയും, നഗരത്തില്‍ എത്തിയപ്പോള്‍ വന്നത് അബദ്ധമായി എന്നു തോന്നി, കാരണം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ കാഴ്ചകളുടെ മഹാനഗരത്തില്‍ ഒന്നും കാണുവാന്‍ കഴിയില്ല. ബാങ്കോക്കില്‍ പോയിട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ പോയിട്ടുണ്ട് എന്നുപറയാവുന്ന തരത്തിലുള്ള ഒരു കാണല്‍ അത്രയേഉള്ളൂ. ക്രൂയിസ്സ്ഡിന്നറിനു ക്രൂയിസ്സില്‍ എത്തണ്ട സമയം ഏഴരമണിയാണ്. ഏഴരമണിയാകുവാന്‍ രണ്ട് രണ്ടര മണിക്കൂര്‍കൂടിയുണ്ട് ഈ സമയംകൊണ്ട് ജെംസ് ഗ്യാലറി കാണുവാന്‍ തീരുമാനിച്ചു.  ജെംസ് ഗ്യാലറികാണുവാന്‍ ടിക്കറ്റ്എടുക്കണം അത് വേണമെങ്കില്‍ കാശുമുടക്കാതെ കിട്ടും. പെട്രോള്‍ പമ്പ്‌, ഷോപ്പിങ്ങ് മാളുകള്‍, റസ്റ്റോറണ്ടുകള്‍, എന്നിവടങ്ങളില്‍നിന്നും പര്‍ച്ചേഴ്സ് ചെയ്താല്‍ ചോദിച്ചാല്‍ ടിക്കറ്റ് കിട്ടും. ജെംസ്ഗ്യാലറി ശരിക്കും ബിസിനസ്സ് തന്ത്രമാണ്. ഞങ്ങള്‍ എന്തായാലും ജെംസ്ഗ്യാലറിയില്‍ ചെന്ന് ടിക്കറ്റെടുത്തു. ജെംസ്ഗ്യാലറിയില്‍ കടന്നാല്‍ ഒരു വെല്‍ക്കം ഡ്രിങ്ക് തരും. അതുകഴിഞ്ഞാല്‍ ചെറിയ മൂന്നാല് ബോഗികളുള്ള ഒരു കൊച്ചു ട്രെയിന്‍ വരും. അതില്‍ കയറിയാല്‍ ഒരു ഗുഹക്കുള്ളിലേക്ക് വണ്ടി നീങ്ങിതുടങ്ങുന്നു. പുരാതനകാലം മുതല്‍ ആധുനികാലത്തിലെ വരെ രത്നഖനന രീതികള്‍ ആനിമേഷന്റെയും, ലൈറ്റിങ്ങിന്റെയും സഹായത്താല്‍ വളരെ മനോഹരമായി അവതരപ്പിക്കുന്നു. ഗുഹയുടെ വശങ്ങളില്‍ പലതരത്തിലും, വലിപ്പത്തിലുമുള്ള രത്നകല്ലുകള്‍ ലൈറ്റില്‍ നക്ഷ്ത്രങ്ങള്‍ പോലെ തിളങ്ങുന്ന കാഴ്ചകാണുകതന്നെ വേണം. 


ജെംസ്ഗ്യാലറി.

അഞ്ചുമിനിറ്റുള്ള ഈയാത്രയില്‍ രത്നഖനന നിര്‍മ്മാണ രീതികളെ കുറിച്ച് കുറച്ച് അറിവുകള്‍ നമുക്ക് ലഭിക്കുന്നു. ഗുഹയില്‍ നിന്നും പുറത്തിറങ്ങിയാല്‍ രത്നഫാക്ടറിയിലേക്കാണ് പോകുന്നത്. നൂറുകണക്കിനാളുകളാണ് ഇവിടെ ജോലിചെയ്യുന്നത്. ചിലര്‍ കല്ലുകള്‍ ഉരച്ചു ആകൃതിയാക്കുന്നു,, മറ്റുചിലര്‍ ആഭരണങ്ങളില്‍ കല്ലുകള്‍ ഉറപ്പിക്കുന്നു എന്നിങ്ങനെയുള്ള ജോലികളില്‍ മുഴുകിയിരിക്കുകയാണ് ജോലിക്കാര്‍. 


ജെംസ്ഗ്യാലറി.
ആഭരണ ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ ചെല്ലുന്നത് ആഭരണങ്ങളുടെ മായാജാലലോകത്തിലേക്കാണ്. ഇന്നുവരെ നേരിട്ടോ ചിത്രങ്ങളിലോ കാണാത്ത ആയിരകണക്കിന് വ്യത്യസ്ത ആഭരണങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ഒരു മയാപ്രഞ്ചമാണിവിടം. വജ്രക്കല്ലുകള്‍ പാകിയ പാത്രങ്ങള്‍, ചഷകങ്ങള്‍, എന്നുവേണ്ട നമ്മള്‍ക്ക് എന്തുവേണമോ അതെല്ലാം സ്വര്‍ണ്ണതിളക്കത്തില്‍ ഇവിടുണ്ട്. നിസ്സാരവിലയുള്ള ആഭരണങ്ങള്‍ മുതല്‍ കോടിക്കണക്കിനു വില വരുന്നതുമായ ആഭരണങ്ങളുടെ ഹോള്സയില്‍, റീട്ടയില്‍ ഷോപ്പും കൂടിയാണിത്. 


രക്നകല്ലുകള്‍.

ഇവിടെ ഫോട്ടോഗ്രാഫി അനുവദിക്കില്ല. നമുക്ക് സ്വപ്നംകാണാവുന്നതിനും അപ്പുറത്താണ് ഇവിടുത്തെ ആഭരണ കച്ചവടം. ലോകത്തിലെ ഏറ്റവും വലിയ ആഭരണ, രക്നഷോപ്പുകള്‍ ജെംസ് ഗ്യാലറി കംമ്പനിക്കാനുള്ളത്. ഈ സ്വര്‍ണ്ണത്തിളക്കത്തിന്‍റെ ലോകത്തുനിന്നും നേരെ റിവര്‍സിറ്റിയിലേക്ക്. ബാക്കിയുള്ള വിശേഷങ്ങള്‍ അടുത്ത ഭാഗത്ത്. ;;;

...

Ashok S P Mar-02- 2018 153