ആയിരം കോവില്‍ ഇടം [ കാഞ്ചിപുരം ] ഭാഗം 1;;;;;

ജീവിതം അങ്ങനെയാണ് നമ്മള്‍ക്ക് വേണ്ടതു ചിലപ്പോള്‍ കിട്ടും അല്ലെങ്കില്‍ കിട്ടില്ല അതുമല്ലെങ്കില്‍ വൈകികിട്ടും. യാത്രകളും അങ്ങനെയാണ് കാണണമെന്ന്  കരുതുന്ന സ്ഥലങ്ങള്‍ ദൂരേക്ക്‌ വഴുതി മാറും പ്രതീക്ഷിക്കാത്തതു കടന്നുവരും. ഒരു ആവശ്യത്തിനു ഈ അടുത്തിടെ ചെന്നയില്‍ പോയി. ഇതു മൂന്നാം തവണയാണ് ചെന്നയില്‍ പോകുന്നത്. എന്നാല്‍ ഇതുവരെയും ചെന്നെ കണ്ടിട്ടില്ല. നമ്മുടെ ആവശ്യം കഴിഞ്ഞാല്‍ തിരിച്ചുള്ള ഓട്ടമായിരിക്കും. ഇത്തവണ ഒരു പകലുമുഴുവന്‍ ഒഴിവു കിട്ടി. ഇത്തവണ ചെന്നെ കണ്ടിട്ടുതന്നെ കാര്യം. നേരത്തെ എഴുന്നേറ്റു റെഡിയായി താഴെ വന്നപ്പോള്‍ തലേന്നു പരിചയപ്പെട്ട ഡ്രൈവര്‍ മുത്തുസ്വാമിയെ കണ്ടു.ചുമ്മാ കാര്യം പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു ചെന്നെ പിന്നെ പാക്കലാം ഇപ്പോ കാഞ്ചിപുരം പോകലാം അതു മുഖ്യമാന ഇടം സര്‍. കാഞ്ചിപുരം എന്നുകേട്ടപ്പോള്‍  മനസ്സ് പതറി ആഗ്രഹിച്ചിട്ടു നടക്കാതെ പോയ സ്ഥലമാണ് പക്ഷേ ഒരു ദിവസം പോരാ കാഞ്ചിപുരം കാണുവാന്‍. അതിനും അയാള്‍ക്ക് മറുപടിയുണ്ട് അത്യാവശ്യം കാണെണ്ടതു കാണുക ബാക്കിയുള്ളതു പിന്നീട് സമയമുള്ളപ്പോള്‍. പറഞ്ഞു പറഞ്ഞ് ചെന്നെ വീണ്ടും കൈവിട്ടുപോയി ഡ്രൈവര്‍ക്ക് കാഞ്ചിപുരമാണ് ലാഭം അതാണ്‌ അയാള്‍ നിബന്ധിക്കുന്നത് എങ്കിലും നേരെ കാഞ്ചിപുരം വിട്ടു. ഏകാംബരേശ്യരക്ഷേത്രം

ഒരു പകലിന്‍റെ ദൈര്‍ഘ്യത്തിലുള്ള കാഞ്ചിപുരം കാഴ്ച. ചെന്നെ കാഞ്ചിപുരം 72,k,m ആണ്. ഒന്നര മണിക്കൂറെങ്കിലും വേണം. എങ്കിലും കാഞ്ചിപുരം പിടിച്ചു. ഒന്നുരണ്ടു പ്രധാന ക്ഷേത്രങ്ങളും, കാഞ്ചികുടിലും, പറ്റുമെങ്കില്‍ ഒരു നെയ്ത്തു ശാലയും. ഇത്രയും പോകന്ന വഴി പ്ലാന്‍ ചെയ്തു. പല്ലവരാജാക്കന്‍മാരുടെ തലസ്ഥാനനഗരമായ കാഞ്ചിപുരമെന്ന പുണ്യഭൂമി തമിഴ് നാട്ടിലെ ഏറ്റവും പഴക്കമേറിയ നഗരമാണ്. പണ്ട് ആയിരത്തിലധികം ക്ഷേത്രങ്ങളുള്ള ഈ നഗരം ആയിരം ക്ഷേത്രനഗരമെന്നും അറിയപ്പെടുന്നു. ഇപ്പോള്‍ ഏകദേശം 200 ല്‍ അധികം ക്ഷേത്രങ്ങളില്ല. ഹിന്ദുമത വിശ്യാസപ്രകാരം കണ്ടിരിക്കേണ്ട ഏഴു പുണ്ണ്യസ്ഥലങ്ങളില്‍ ഒന്നത്രേ കാഞ്ചിപുരം. ഇതിനെല്ലാം പുറമ്മേ തമിഴ് ജനതയുടെ സംസ്കാരപാരമ്പര്യം ലോകത്തിനു കാട്ടികൊടുക്കുന്ന മഹത്തായ ഒരു സൃഷ്ടിയാണ് കാഞ്ചിപുരം പട്ടുസാരികള്‍. കാഞ്ചിപുരം ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണ് ഏകാംബരനാഥ ക്ഷേത്രവും, വരദരാജപെരുമാള്‍ ക്ഷേത്രവും. കാഞ്ചിപുരത്തെ ക്ഷേത്രങ്ങളില്‍ മിക്കവയും ശിവ - വിഷ്ണു ക്ഷേത്രങ്ങളാണ്. വിഷ്ണുക്ഷേത്രങ്ങളില്‍ മിക്കവയും കാഞ്ചിപുരത്തിനു  കിഴക്കുഭാഗത്തായിട്ടാണ് ഉള്ളത് അതിനാല്‍ ഈ ഭാഗത്തിന് വിഷ്ണുകാഞ്ചി എന്നും , പടിഞ്ഞാറു ഭാഗം മിക്കവാറും ശിവക്ഷേത്രങ്ങളായതിനാല്‍ ഈ ഭാഗം ശിവകാഞ്ചി എന്നും അറിയപ്പെടുന്നു. ഇവയല്ലാതെയും ധാരാളം പേരുകേട്ട ക്ഷേത്രങ്ങളും കാഞ്ചിപുരത്ത്  സ്ഥിതിചെയ്യുന്നു. 14-ഏക്രറില്‍ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രാജഗോപുരമുള്ള [59,m ] ഒരു ക്ഷേത്രവിസ്മയം അതാണ്‌ ഏകാംബരേശ്യരക്ഷേത്രം.


ക്ഷേത്രകുളം

ഇവിടുന്നു തുടങ്ങി കാഞ്ചിപുരത്തെ വിസ്മയകാഴ്ചകള്‍. കസൈതീര്‍ത്ഥമെന്ന ക്ഷേത്രകുളം തന്നെ കണ്ണിനു കുളിര്‍മ്മനല്കുന്ന കാഴ്ചയാണ്. പൂര്‍ണ്ണമായും കല്ലിനാല്‍ പണിതിരിക്കുന്ന ക്ഷേത്രമാണിത്. അനവധി വാതിലുകള്‍ കടന്നുവേണം ശ്രീകോവിലിനു മുന്നിലെത്താന്‍. ക്ഷേത്ര ഇടനാഴികകളിലാകെ ശില്പ്പങ്ങളാല്‍ സംമ്പുഷ്ടമായ വലിയ കല്‍തൂണുകള്‍. വശങ്ങളിലാകട്ടെ കൃഷ്ണശിലയില്‍ തീര്‍ത്ത 1008 ശിവലിംഗങ്ങള്‍. ശിവശാപത്താല്‍ ഭൂമിയില്‍ അവതരിച്ച പാര്‍വതീദേവി കഠിനതപസ്സുചെയ്തു ശിവനെ പരിണയം ചെയ്യിത ഒരു ഐഹിത്യകഥ ക്ഷേത്രചരിത്രത്തിനു പിന്നിലുണ്ട്. ഒരു മാവിന്‍ ചുവട്ടില്‍ ശിവലിംഗ പ്രതിഷ്ഠ ചെയ്താണ് ദേവി തപസ്സുചെയ്തത്. ദേവിമുന്നില്‍ പ്രത്യക്ഷനായ ശിവഭഗവാന്‍ ഇവിടെവച്ചുതന്നെ ദേവിയെ പരിണയം ചെയ്തു. ഏകമായ മരത്തിന്‍ ചുവട്ടില്‍ ദേവിയെ പരിണയിച്ച ഭഗവാന്‍ ഏകാമ്രേശ്യരനായി ഇതു ലോപിച്ചാണ് ഏകാംബരേശ്യരന്‍ ആയത്. 


ക്ഷേത്രത്തിലെ ശില്‍പ്പം

ദേവിപരിണയം നടന്ന  മാവ് ഇപ്പോഴും ക്ഷേത്രത്തില്‍ ഉണ്ട്. ഈ മാവിനു നാലുശാഖയാണുള്ളത് ഈ നാലു ശാഖകളിലും നാലുതരം മാങ്ങയാണ്‌ ഉണ്ടാകുന്നത്. 3500 - വര്‍ഷം പഴാക്കമാണ് ഈ മാവിനുള്ളത് എന്നു കരുതുന്നു. എല്ലാ വര്‍ഷങ്ങളിലും മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ സൂര്യകിരണങ്ങള്‍ ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ പതിക്കുന്നു. കഥകള്‍  എന്തായാലും ക്ഷേത്രവാസ്തുകലകളുടെയും ഭക്തിസാന്ദ്രതയുടെയും ഉത്തമ ഉദാഹരണമാണീക്ഷേത്രം. ഈ ക്ഷേത്രത്തിനടുത്തായിട്ടാണ് 6-)൦ നൂറ്റാണ്ടില്‍ പല്ലവരാജാക്കന്മാര്‍ പണിത കാമാക്ഷിയമ്മന്‍ കോവില്‍ സ്ഥിതിചെയ്യുന്നത്. 


ക്ഷേത്രത്തിലെ ശില്‍പ്പം

പാര്‍വ്വതിദേവിയുടെ അവതാരമായ കാമാക്ഷിദേവിയാണ് പ്രതിഷ്ഠ. മനോഹരമായ ക്ഷേത്രകുളവും ഇതിനു ചുറ്റുമുള്ള നൂറുകാല്‍ മണ്ഡപവുമാണ് ഈ ക്ഷേത്രത്തിലെ മുഖ്യമായ ആകര്‍ഷണം. ശ്രീകോവിലിന്‍റെ വശങ്ങളിലായി ചേരര്‍പെരുമാളിന്‍റെയും, സൌന്ദര്യലക്ഷ്മിയുടെയും, അരൂപലക്ഷ്മിയുടെയും പ്രതിഷ്ഠകളുണ്ട്. വെണ്ണിക്കല്ലില്‍ കടഞ്ഞെടുത്ത സൌന്ദര്യലക്ഷ്മിവിഗ്രഹം മനോഹരമായൊരു സൃഷ്ടിയാണ്. സമയകുറവുമൂലം ഈ ക്ഷേത്രം ഓടിച്ചൊന്നു കണ്ടെന്നുവരുത്തി. കാമാക്ഷിയമ്മന്‍ കോവിലില്‍ നിന്നും നേരെ  വരദരാജപെരുമാള്‍ ക്ഷേത്രത്തിലെക്കാണ് പോയത്. 


ക്ഷേത്രഇടനാഴി

 ഇവിടെ അധികം സമയം കളയാനില്ല ഇതിലും വലുതാണിനി കാണാന്‍ ഉള്ളത് എന്ന്  മുത്തുസ്വാമി ഓര്‍പ്പിച്ചു. കാഞ്ചിപുരത്തെ ക്ഷേത്രങ്ങളില്‍ മിക്കവാറും ഒരേ ശില്‍പ്പസൃഷ്ടികളാണ് എന്നാണ് എനിക്ക് തോന്നിയത് പിന്നെയുള്ളത് ചെറിയ ചെറിയ മാറ്റങ്ങളാണ്. വരദരാജപെരുമാള്‍ ക്ഷേത്രത്തില്‍ വന്നത് ഒരു പ്രത്യേകകാര്യം കാണാനാണ്. 43 പടവുകളുള്ള ക്ഷേത്രത്തിനു 40 അടിഉയരമാണുള്ളത്. മഹാവിഷ്ണുവാണ് പ്രതിഷ്ഠ. ക്ഷേത്രത്തിലെ ശില്പ്പധാരാളിത്തമുള്ള നൂറുകാല്‍ മണ്ഡപത്തിന്‍റെ മൂലകളിലായി കുറെകണ്ണികളുള്ള ചങ്ങലകള്‍ തൂങ്ങിക്കിടക്കുന്നു.

ക്ഷേത്രത്തിലുള്ളില്‍ വീഴുന്ന സൂര്യപ്രാകാശം 

ഇതാണ് പ്രത്യേകമായ കാഴ്ച. ഇതിന്‍റെ പ്രത്യേകത എന്തെന്നാല്‍ ഓരോ ചങ്ങലകളും ഒറ്റക്കല്ലില്‍ കൊത്തി ഉണ്ടാക്കിയതാണ്. ഇതു നിര്‍മ്മിച്ച കരങ്ങളെ എത്ര നമിച്ചാലാണ് മതിവരിക. ഈ കാഴ്ച കണ്ട് മിഴിച്ചു നിന്ന എന്നെ മുത്തുസ്വാമി തട്ടിവിളിച്ചു ഇതൊന്നുമല്ല ഇനിയാണ് കാണുവാനുള്ളത്  എന്ന് പറഞ്ഞ് കൊണ്ടുപോയത് ശില്പ്പങ്ങളുടെ നിധിശേഖരമായ കൈലാസനാഥ ക്ഷേത്രത്തിലെക്കാണ്. ...........

...

Ashok S P Jul-11- 2017 374