കാനന കണ്ണകി [ മംഗളാദേവി ]

കുറേക്കാലത്തെ ആഗ്രഹമായിരുന്നു ചിത്രപൌര്‍ണ്ണമിനാളിലെ മംഗളാദേവി ക്ഷേത്രദര്‍ശനം. ഇത്തവണ അത് സാധിച്ചു. എന്‍റെ ഒരു  സുഹ്രുത്ത് കുമളി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ട് അദ്ദേഹത്തിനു മംഗളാദേവി ഡ്യൂട്ടി കിട്ടിയപ്പോള്‍ എന്നെ വിളിച്ചു. അതിരാവിലെ ചെല്ലണമെന്നാണ്  പറഞ്ഞിരുന്നത് എന്നാല്‍ കുമളിയില്‍ ചെന്നപ്പോള്‍ പതിനൊന്നു മണിയായി. ഓഫീസില്‍ ചെന്നപ്പോള്‍ അദ്ദേഹം മംഗളാദേവിക്ക്പോയി എന്നറിഞ്ഞു ഫോണില്‍ വിളിച്ചപ്പോള്‍ ഊണുകഴിക്കാന്‍ വരുമെന്നും തിരിച്ചു പോകുമ്പോള്‍ കൂടെ പോകാമെന്നും പറഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ സുഹ്രുത്തുവന്ന് അദ്ദേഹത്തിന്‍റെ കൂടെ ഊണുകഴിഞ്ഞ്‌  മംഗളാദേവിക്ക് തിരിച്ചു. മംഗളാദേവി മലനിരകള്‍

കേരളത്തിലെ ഇടുക്കി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2800 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു മലയുടെ മുകളിലാണ് മംഗളാദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. കര്‍ശന നിയന്ത്രണങ്ങളാണ്  മംഗളാദേവി യാത്രക്ക്. R.D.O യുടെ പ്രതേക അനുമതിപത്രമുള്ള ജീപ്പുകള്‍ക്ക് മാത്രമേ മലമുകളിലേക്ക് പ്രവേശനമുള്ളൂ. പ്ലാസ്റ്റിക്, കുപ്പിവെള്ളം എന്നിവ മുകളിലേക്ക് കയറ്റിവിടുകയില്ല. തമിഴ്നാട്‌ - കേരള സര്‍ക്കാരിന്‍റെ ഫോറസ്റ്റ്, പോലീസ്, ഫയര്‍, മെഡിക്കല്‍, എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലെ ആയിരകണക്കിന് ഉദ്ദ്യോഗസ്ഥരാണ് മംഗളാദേവി ഡ്യുട്ടിക്കുള്ളത്. ചെക്ക്പോസ്റ്റ് കഴിഞ്ഞാല്‍ പിന്നീട് മുഴുവന്‍  ഓഫ്‌റോഡ്‌ ആണ്. പ്രകൃതിരമണീയമായ കാനനഭംഗിനുകര്‍ന്നുകൊണ്ടുള്ള യാത്ര ഒരു അനുഭവം തന്നെയാണ്. കുമളിയില്‍ നിന്നും 13 k m പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രത്തിന് ഉള്ളിലായാണ് മംഗളാദേവി ക്ഷേത്രം ഉള്ളത്.


മംഗളാദേവി ക്ഷേത്രം

കാനന പാതയില്‍ പലയിടത്തും കുടിവെള്ള ടാങ്കുകള്‍ വച്ചിരിക്കുന്നു. വഴിയില്‍ പലയിടങ്ങളിലും കര്‍ശനമായ ചെക്കിങ്ങുകള്‍ ഉണ്ട്.  കുമളിയില്‍ നിന്നും കമ്പത്തുനിന്നും ധാരാളം ആളുകള്‍ കാല്‍നടയായി ക്ഷേത്രത്തില്‍ എത്തുന്നുണ്ട്.  എട്ടുപത്ത് കിലോമീറ്റര്‍ വനഭൂമി കഴിഞ്ഞാല്‍പ്പിന്നെ മോട്ടകുന്നാണ് ഇവിടുന്ന് ദൂരെയായി മംഗളാദേവി ക്ഷേത്രം കാണാം. പച്ചപുതച്ചകുന്നും അതിനെ ചുറ്റിപോകുന്ന  മലമ്പാതയും ഈ പാതയില്‍കൂടി ഉറുമ്പുകള്‍ വരിവരിയായി പോകുന്നതുപോലെ ജീപ്പുകളുടെയാത്രയും കാണേണ്ട കാഴ്ചകളാണ്.  മൊട്ടകുന്നുകളെ വര്‍ണ്ണപൂക്കളമാക്കിമാതിരിയാണ് പലവര്‍ണ്ണങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ ആള്‍കൂട്ടത്തെ ദൂരെനിന്നും കണ്ടാല്‍ തോന്നുക. ചാടിയും തുള്ളിയും ഞങ്ങളുടെ ജീപ്പ് ഒടുവില്‍ മംഗളാദേവിയില്‍ എത്തപ്പെട്ടു. പ്രധാനക്ഷേത്രദര്‍ശനത്തിനുള്ള ക്യൂ മലമ്പാമ്പിനെപോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്നു. പാമ്പിന്‍റെ വാലായി ഞാനും കൂടി. ഗണപതി- ഭഗവതി സംഘം  കേരളവും, കണ്ണകിട്രസ്റ്റ് തമിഴ്നാടും ചേര്‍ന്നാണ് ഉത്സവകാര്യങ്ങള്‍ നടത്തുന്നത്. കണ്ണകിട്രസ്റ്റ് ഭക്ത്തര്‍ക്ക് ഭക്ഷണം സൌജന്യമായി നല്‍കുന്നു. ഏകദേശം ഒരുമണിക്കൂര്‍ നിന്നപ്പോള്‍ ശ്രീകോവിലിനു മുന്നിലെത്തി. 


മംഗളാദേവിക്ഷേത്രം

ഇടുങ്ങിയ ശ്രീകോവിലിനകത്ത് ദേവിയുടെ പഞ്ചലോഹവിഗ്രഹം. സാധാരണ ദിവസങ്ങളില്‍ ശിവന്‍റെയും ഗണപതിയുടെയും കല്‍ശില്‍പ്പങ്ങളാണ് ശ്രീകൊവിലില്‍ഉള്ളത്.  ചിത്രപൌര്‍ണ്ണമിനാളില്‍ കമ്പത്തുനിന്നും കണ്ണകിയുടെ പഞ്ചലോഹവിഗ്രഹം കൊണ്ടുവരുന്നു. 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ചേരന്‍ വെങ്കട്ടവന്‍ എന്ന തമിഴ് ചക്രവര്‍ത്തിയാണത്രെ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. പുരാതനമായ പാണ്ഡ്യരീതിയില്‍ വലിയ കരിങ്കില്‍ല്ലുകള്‍ ചതുരത്തില്‍ അടുക്കിവച്ചുള്ള നിര്‍മ്മിതിയാണ്‌ ക്ഷേത്രം. കല്‍പ്പാളികളില്‍ തമിഴ്ശ്ലോകങ്ങളും ചിലവ്യാളിരൂപങ്ങളും കൊത്തിവച്ചിരിക്കുന്നു.ഇടിഞ്ഞുപൊളിഞ്ഞരീതിയിലാണ് ഇപ്പോളുള്ള ക്ഷേത്രം. രണ്ടു ശ്രീകൊവിലുകള്‍ അത്യാവശ്യം നല്ലരീതിയില്‍ഉണ്ട് മറ്റുളളവ തകര്‍ന്നനിലയില്‍ അവിടവിടെയായി കല്ലുകളും തൂണുകളുമായി ചിതറിതെറിച്ചുകിടക്കുന്നു.


മലനിരകള്‍

ചിലപ്പതികാരത്തിലെ പ്രതികാരദുര്‍ഗ്ഗ കണ്ണകിയുടെ കേരളത്തിലെ ഒരേഒരു ക്ഷേത്രമാണ് മംഗളാദേവിക്ഷേത്രം. തമിഴ്നാട്‌, കര്‍ണ്ണാടക എന്നീ ഇതരസംസ്ഥാന ഭക്ത്തര്‍ കണ്ണകിയെ ദേവിയായി ആരാധിക്കുന്നു. കേരളിയര്‍ക്ക് ശക്ത്തമായ ഒരു സ്ത്രീ കഥാപാത്രവും. തന്‍റെ ഭര്‍ത്താവിനെ കള്ളനെന്ന് തെറ്റിദ്ധരിച്ചു തൂക്കിലേറ്റിയ രാജകുടുബത്തിനു തന്‍റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരാനഗരം ചാമ്പലാക്കിയാണ് പ്രതികാരം വീട്ടിയത്. മധുരാനഗരം ചാമ്പലാക്കി പെരിയാറിന്‍റെ തീരത്ത്‌ വന്ന് സമാധിയായി എന്നാണ് കഥ. ആരാലും അറിയപ്പെടാതെ കിടനിരുന്ന ഈ ക്ഷേത്രം 1979-80 കാലഘട്ടങ്ങളില്‍ തമിഴ്നാട്‌ അവകാശവാദം ഉന്നയിച്ചതോടെ ഇവിടം തര്‍ക്കപ്രദേശമായി.  ചിത്രപൌര്‍ണ്ണമിനാളിലെ മംഗളാദേവി ഉത്സവത്തിന് ക്ഷേത്രങ്ങളില്‍ ഒന്നില്‍ കേരളത്തിലെയും മറ്റൊന്നില്‍ തമിഴ്നാട്ടിലെയും പൂജാരിമാര്‍ക്ക് പൂജക്ക് അനുമതി കൊടുത്തു.


മംഗളാദേവി ക്ഷേത്രം

ആകാശത്തെ മുത്തുന്ന മലകളും കണ്ണകിയുടെ താണ്ഡവം പോലെ വിശാലമായ മാനത്ത് ചിതറി തെറിച്ചു തുള്ളുന്ന മേഘങ്ങളും താഴെ പുരാതന യുഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തകര്‍ന്നടിഞ്ഞ ക്ഷേത്രവും മനവും മിഴിയും നിറയുന്ന ഒരു മാസ്മരിക കാഴ്ച.  മലമുകളില്‍ നിന്ന് നോക്കിയാല്‍ ദൂരെയായി സുരുളി വെള്ളച്ചാട്ടത്തിന്റെയും, കമ്പം, തേനി എന്നിവിടങ്ങളിലെ കൃഷിയിടങ്ങളുടെയും, നയനമനോഹരമായ കാഴ്ച ആസ്വദിക്കാം. കുറച്ചുകഴിഞ്ഞ് എവിടെനിന്നെന്നറിയാതെ  മാനംനിറയെ മഴക്കാറുകള്‍ വന്നുനിറഞ്ഞു. പത്തുനിമിഴങ്ങള്‍ക്കകം മംഗളാദേവിയാകെ ഇരുണ്ടുമൂടി. സെക്യൂരിറ്റി ഉദ്യോഗസ്തര്‍ ജനങ്ങളോട് മലയിറങ്ങാന്‍ പറയുന്നുണ്ട്. ഇവിടെ ശക്ത്തമായി ഇടിവെട്ടുന്ന സ്ഥലമാണ് ആയതിനാല്‍ ഉടന്‍ വണ്ടികളില്‍ കയറി താഴെ പോകുവാന്‍ പറയുന്നു. പത്തുപതിനഞ്ചു നിമിഴങ്ങള്‍ക്കകം മഴയും ഇടിയും തുടങ്ങി. ഞാന്‍ ഓടി ഇവിടെയുള്ള വയര്‍ലസ് സ്റ്റേഷനില്‍ കയറി. സമുദ്രത്തിലെ തിരമാലകള്‍ പോലെ ആര്‍ത്തിരമ്പുന്ന മഴക്കാറും, കോരിച്ചൊരിയുന്ന മഴയും ഇടിയും ആകെ ബഹളമയമായി. 


മംഗളാദേവി

എങ്കിലും പ്രകൃതിയുടെ ഈവിളയാട്ടം എനിക്ക് ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരു അതിശയകാഴ്ചയായി. കുറച്ചുകഴിഞ്ഞ് സുഹ്രുത്തിന്‍റെകൂടെ  ജീപ്പില്‍ തിരികെ താഴ്വാരത്തിലേക്ക്. നനഞ്ഞുകുതിര്‍ന്ന് വഴിയാകെ വെള്ളച്ചാലും വെളിച്ചകുറവും നടന്നിറങ്ങുന്നപോലെയാണ് ജീപ്പ് മുന്നോട്ടു പോകുന്നത്. വഴിനീളെ നനഞ്ഞ്കുളിച്ചു നടന്നു നീങ്ങുന്ന ജനങ്ങള്‍. ചിലപ്പതികാരത്തിലെ കണ്ണകി തിമര്‍ത്താടിയതുപോലെ ഒന്ന്ഒന്നര മണികൂര്‍ പ്രകൃതിയും ആടിത്തിമര്‍ത്തു. ഏകദേശം രണ്ട്മണികൂര്‍കൊണ്ടാണ് കുമളിയിലെത്തിയത്. തിരിഞ്ഞ് മലമുകളിലേക്ക് നോക്കിയപ്പോള്‍ ഇതെല്ലാം ഒരു തമാശകഥപറഞ്ഞതുപോലെ വെളുക്കെചിരിച്ചുകൊണ്ട്‌ ആകാശവും താഴെ കണ്ണകിക്ഷേത്രവും;;;;;;;;;;;;;;;;;;; 


...

Ashok S P May-20- 2017 147