ആകാശഗംഗയിലേക്ക് [കൊല്ലിമല ];;;;;;

മനോഹരമായ തമിഴ് കൃഷി ഗ്രാമങ്ങളിലൂടെ ഒരു യാത്ര, കൊല്ലിമലയിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 1300 - മീറ്റര്‍ ഉയരത്തില്‍ പൂര്‍വ്വഘട്ടമലനിരകളിലാണ് പ്രകൃതിരമണീയമായ കൊല്ലിമല സ്ഥിതിചെയ്യുന്നത്. നാമക്കല്ലില്‍ നിന്നും 65,k, m ആണ് കൊല്ലിമലയിലേക്ക്. സേലത്തുനിന്നും, നാമക്കല്ലില്‍ നിന്നും കൊല്ലിമലയിലേക്ക് ബസ്സ് സര്‍വീസുണ്ട്. നാമക്കല്ലില്‍നിന്നും കൊല്ലിമലയിലേക്ക് ഉള്ള വഴിയുടെ ഇരുവശത്തും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളാണ്. കൊല്ലിമല റൂട്ട്. 

തെങ്ങുകളും, വാഴകളും, നെല്ലും, ഉരുളനും, ഉള്ളിയും എന്നുവേണ്ട മിക്കകൃഷിയും ഉണ്ട്. നമ്മുടെ നാട്ടില്‍ നിന്നും അന്യംനിന്നു പോയികൊണ്ടിരിക്കുന്ന നെല്‍വയലുകള്‍ നയനമനോഹരമായ കാഴ്ചയായി ഇവിടെയാകെ വ്യാപിച്ചു കിടക്കുന്നു. പഴയ തമിഴ് ഗ്രാമീണ സംസ്കാരങ്ങളുടെ കാഴ്ചകളാണ് നിറയെ. കാരവല്ലി എന്നു പറയപ്പെടുന്ന താഴ്വാരത്തുനിന്നും 71-ഹെയര്‍പിന്‍ വഴിയിലൂടെ ഹരം പിടിച്ചൊരു ഡ്രൈവിംഗിന്‍റെ അവസാനം പച്ചക്കുടനിവര്‍ത്തി നില്‍ക്കുന്ന കൊല്ലിമലയില്‍എത്തി. എവിടെ നോക്കിയാലും പ്രകൃതിയുടെ മനോഹര കാഴ്ചകള്‍ നിറഞ്ഞുനില്‍ക്കുന്ന പ്രദേശം. ഹൈക്കിംങ്, ട്രെക്കിംങ്, തുടങ്ങിയ സഹിസിക വിനോദങ്ങള്‍ക്കും, പ്രകൃതിഭംഗി ആവോളം നുകരുവാനും പറ്റിയ സ്ഥലമാണ് കൊല്ലിമല.


കൊല്ലിമല റൂട്ട്. 

നല്ലൊരു കൃഷിയിടം കൂടിയാണ് കൊല്ലിമല. കുരുമുളകും, കാപ്പിയുമാണ് മുഖ്യകൃഷി. വിവിധയിനം പ്ലാവുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് കൊല്ലിമല. നാമക്കല്‍, സേലം എന്നിവടങ്ങളിലെ മാര്‍ക്കറ്റുകളിലേക്ക് ലോറിക്കണക്കിനാണ് വിവിധയിനം ചക്കകള്‍ കയറിപോകുന്നത്. ഇവിടെ  പലതരം പ്ലാവുകളുടെ നേഴ്സറിഉണ്ട്. സെമ്മേടു എന്ന ഒരു ചെറിയ സ്ഥലമാണ് കൊല്ലിമലയുടെ കേന്ദ്രസ്ഥാനം. നമ്മുടെ നാട്ടിലെ തട്ടുകടകള്‍ പോലെ കുറെ കടകള്‍ ഇവയില്‍ ഹോട്ടലും, പലചരക്ക് കടകളും, പച്ചകറികടകളും, എല്ലാം ഉള്‍പ്പെടുന്നു. ഒട്ടും നാഗരികത പടര്‍ന്നുകയറാത്ത ഒരു സ്ഥലം. എന്തായാലും കൊല്ലിമലയിലെ പ്രകൃതിഭംഗി കാണുവാന്‍ ടൂറിസ്റ്റുകളുടെ തള്ളികയറ്റമില്ല  എന്താണ് കാരണമെന്നറിയില്ല. 


കൊല്ലിമല.

കൊല്ലിമലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളാണ് ഒന്നാം നൂറ്റാണ്ടിനും, രണ്ടാം നൂറ്റാണ്ടിനും ഇടക്ക് നിര്‍മ്മിച്ച അറപ്പാലീശ്യരശിവക്ഷേത്രം,  ഇതിനടുത്തായുള്ള ആകാശഗംഗ വെള്ളച്ചാട്ടം,  കൊല്ലിപ്പാവൈ അമ്മൻ ക്ഷേത്രവും,  മുരുകന്‍ ക്ഷേത്രം. സീക്കുപാറ, സേലര്‍നാട് എന്നീ വ്യുപോയന്‍റകള്‍, മസില വെള്ളച്ചാട്ടം, സ്വാമിപ്രണവാന്ദ ആശ്രമമം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവ.         കൊല്ലിമലക്ക് രണ്ട് ഐതിഹ്യം ഉണ്ട്.  അറപ്പാലീശ്വരൻ എന്ന ശിവന്‍റെ ചൈതന്യം സമീപത്തുള്ളതിനാൽ സകലവിധ വ്യാധികളേയും കൊല്ലാൻ പര്യാപ്തമാണ് ആകാശഗംഗ എന്ന വെള്ളച്ചാട്ടത്തിലുള്ള സ്നാനം എന്നു പ്രദേശവാസികൾ വിശ്വസിക്കുന്നു.


കൊല്ലിമല.

എന്നാൽ മറ്റൊരു വിശ്വാസം, പണ്ട് മുനിമാർ തങ്ങളുടെ കൊടും തപസ്സിനായി തെരഞ്ഞെടുത്ത സ്ഥലമായിരുന്നുവത്രേ കൊല്ലിമല. മുനിമാരുടെ തപസ്സിന്‍റെ ശക്തിയാല്‍ അന്തരീക്ഷത്തില്‍ വന്ന മാറ്റങ്ങള്‍  നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കി. കൊല്ലിപ്പാവൈ ദേവി തന്‍റെ സുന്ദരമായ പുഞ്ചിരിയാൽ  അന്തരീക്ഷത്തെ പൂര്‍വ്വസ്ഥിതിയിലാക്കി ജനങ്ങളെ  രക്ഷിച്ചുവെന്നും വിശ്വസിക്കുന്നു. ദേവി വസിക്കുന്ന ആ സ്ഥലം കൊല്ലിമല എന്നവർ വിളിച്ചു വന്നു. കൊല്ലിപ്പാവൈയുടെ അമ്പലവും തൊട്ടടുത്തു തന്നെ സ്ഥിതുചെയ്യുന്നു.  പുരാണപ്രസിദ്ധം കൂടിയാണ് കൊല്ലിമല. രാമായണത്തിൽ പറഞ്ഞിരിക്കുന്ന സുഗ്രീവന്‍റെ മധുവനം കൊല്ലിമല തന്നെയാണെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. ചിലപ്പതികാരം പോലുള്ള കൃതികളിൽ കൊല്ലിമലയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. 


ആകാശ ഗംഗയിലേക്കുള്ള വഴി.

300 - അടി മുകളില്‍നിന്നും നേരെ  താഴെക്കുപതിക്കുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ആകാശഗംഗ. ഈ  വെള്ളച്ചാട്ടത്തിന്‍റെ  നാലുവശങ്ങളും മലകളാല്‍ ചുറ്റപ്പെട്ട്കിടക്കുന്നു. അറപ്പാലീശ്യരക്ഷേത്രത്തില്‍ നിന്നും 1001- പടികള്‍ ഇറങ്ങി വേണം  ആകാശഗംഗ വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. സിമന്‍റ് പടികളും, പിടിച്ചിറങ്ങാന്‍ കൈവരികളും ഉള്ള വഴിയാണ്. വഴിനീളെ കാടിന്‍റെ കുളിരും ഗാംഭീര്യവും,  പക്ഷികളുടെ കളകൂജനങ്ങളും കേട്ടുള്ള നടത്തം ഒരനുഭവം തന്നെയാണ്.  


ആകാശഗംഗയില്‍നിന്നും മുകളിലേക്കുള്ള വഴി.

ഇടക്ക് ഒരു വ്യുപോയന്‍റ് ഉണ്ട്. അഗാധമായ താഴ്വാരത്തിന്‍റെ നിശബ്തതയും മനോഹാരിതയും ഈ  വ്യുപോയന്റ്റില്‍ നിന്നും കണ്‍നിറയെ കാണാം. വഴിനീളെ തലയ്ക്കു മീതെ ഉയര്‍ന്നു നില്‍ക്കുന്ന ഭീമാകാരങ്ങളായ പാറകൂട്ടങ്ങളും അവയെ ചുറ്റിപിണഞ്ഞു കിടക്കുന്ന വലിയ കാട്ടുവള്ളിയും ഇവയില്‍ ഊഞ്ഞാലാടുന്ന വാനരകൂട്ടങ്ങളുടെയും കാടിന്‍റെ അപാരതയുടെയും കാഴ്ചകള്‍  നമ്മുടെ നടപ്പിന്‍റെ കാഠിന്യം കുറക്കുന്നു.  ഏകദേശം ഒരു മണികൂറെടുത്തു 1001 പടികലിറങ്ങി താഴെഎത്താന്‍.  


ആകാശഗംഗ വഴിയിലുള്ള വ്യുപോയന്‍റെ.

വലിയപാറകൂട്ടങ്ങള്‍ ചാടികടന്ന് ഒടുവില്‍ വെള്ളച്ചാട്ടത്തിനടുത്തെത്തി. വെള്ളം വളരെ കുറവായിരുന്നു.  അറപ്പാലീശ്വരൻ എന്ന ശിവന്‍റെ ചൈതന്യം അടുത്തുള്ളതിനാല്‍ സകലവ്യാധികളെയും അകറ്റാന്‍ കെല്‍പ്പുള്ള ജലമാണ് ആകാശഗംഗയിലേതെന്ന് ഇവിടുത്തുകാര്‍ വിശ്യസിക്കുന്നു. വെള്ളച്ചാട്ടത്തിനു മുന്നിലായി ഒരു ചെറിയ തടാകം പോലുള്ളതിനു കുറുകെ വലിയ ഒരു വടം കെട്ടിയിരിക്കുന്നു. ഈ വടത്തില്‍ പടിച്ചു തടാകത്തില്‍കൂടി പതുക്കെപ്പതുക്കെ വേണം ജലപാതത്തിന് അടുത്തെത്താന്‍.


ആകാശഗംഗ.
ജലപാതത്തിനടിയില്‍ നിന്നുള്ള കുളി വളരെയധികം ഉന്മേഷപ്രദമാണ്. ഉയരത്തില്‍നിന്നുള്ള ജലവീഴ്ച നമ്മുടെ ശരീരത്തില്‍ കല്ലുമഴ വീഴുന്ന പ്രതീതിയാണ് ഉണ്ടാവുന്നത്. വെള്ളച്ചാട്ടത്തിലെ കുളിയും, തടാകത്തിലെ മുങ്ങികുളിയും  ഒക്കെയായി കുറച്ചു നേരം തകര്‍ത്തിവാരി തിരികെ 1001- പടി കേറി മുകളിലെത്തിയപ്പോളെക്കും കുളികഴിഞ്ഞ ഉന്മേഷമൊക്കെ പോയികഴിഞ്ഞിരുന്നു. ഇവിടുന്ന് നേരെ സീക്കുപാറ വ്യുപോയന്റ്റിലേക്ക്. ഇവിടെ നിന്നാല്‍ കൊല്ലിമലയിലേക്കുള്ള ചുറ്റിവളഞ്ഞ വഴികളും പച്ചപ്പാര്‍ന്ന മലനിരകളുടെയും മനോഹരമായ കാഴ്ചകാണാം. ഇവിടുന്നു മസില വെള്ളച്ചാട്ടം കാണുവാനാണ് പോയത്. 200- അടി ഉയരത്തില്‍ നിന്നുമുള്ള ഒരു ഇടത്തരം വെള്ളച്ചാട്ടമാണിത്. 


വ്യുപോയന്‍റെ.

എങ്കിലും ഇതിനടുത്തുള്ള പ്രകൃതിഭംഗി കണ്ടാല്‍ മതിവരില്ല. വെള്ളച്ചാട്ടത്തിനടുത്തായി മസിലപെരിയസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഈ പരിസരങ്ങള്‍ പ്രകൃതിരമണീയമാണ്. സഞ്ചാരികളില്‍ മിക്കവരും 70-ഹെയര്‍പിന്‍ ഡ്രൈവിംഗ് ഹരത്തിനായാണ് കൊല്ലിമല കയറുന്നത്. രാവിലെ വന്നാല്‍ വൈകുന്നേരം മടങ്ങി പോകുവാനുള്ള കാഴ്ചകളെ ഇവിടെ ഉള്ളൂ. വേണമെങ്കില്‍ പ്രകൃതിയില്‍ കുളിച്ചൊരു രാത്രി കഴിയാം.. കൊല്ലിമലയോടും, ആകാശഗംഗയോടും വിടപറഞ്ഞ് തിരികെ നാട്ടിലേക്ക്;;;;;;;;;;;;;;

...

Ashok S P Mar-16- 2017 206